ജാഗ്രതയുടെ കോഴിക്കോടന്‍ മാതൃക; കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡില്ല
സമ്പര്‍ക്ക പട്ടികയിലുളളവരെ നിരീക്ഷിക്കുന്നതിലും കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ തയ്യാറാക്കുന്നതിലുമെല്ലാം കോഴിക്കോട് മാതൃകയായി
കോഴിക്കോട്: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ കൊവിഡിനെ അകറ്റിനിര്‍ത്താമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് കോര്‍പറേഷനിലെ ജീവനക്കാരും കൗണ്‍സിലര്‍മാരും. കോര്‍പറേഷനിലെ മുഴുവന്‍ ജീവനക്കാരുടെയും 67 കൗണ്‍സിലര്‍മാരുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവായി.
കൊവിഡ് 19 ജാഗ്രതയില്‍ മറ്റു ജില്ലകളേക്കാള്‍ തുടക്കം മുതല്‍ ഒരുപടി മുന്നിലായിരുന്നു കോഴിക്കോട്. സമ്പര്‍ക്ക പട്ടികയിലുളളവരെ നിരീക്ഷിക്കുന്നതിലും കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ തയ്യാറാക്കുന്നതിലുമെല്ലാം കോഴിക്കോട് മാതൃകയായി. ആദ്യ ഘട്ടത്തിലെ മികവിന് പക്ഷേ പിന്നീട് മങ്ങലേറ്റിരുന്നു. മാസ്ക് വയ്ക്കാതെയുളള കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പ് ഫോട്ടോ കോഴിക്കോട് കോര്‍പറേഷനു നേരെ വിമര്‍ശനങ്ങളുമുയര്‍ത്തി. എന്നാല്‍ ഇങ്ങനെയുളള ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാല്‍ കഴിഞ്ഞ ആറു മാസക്കാലമായി കൊവിഡ് പ്രൊട്ടക്കോളില്‍ വെളളം ചേര്‍ത്തിട്ടില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് പരിശോധന ഫലം ഈ അവകാശവാദത്തിന് തെളിവുമായി. കോര്‍പറേഷനിലെ 500ലേറെ വരുന്ന ജീവനക്കാരുടെയെല്ലാം ഫലം നെഗറ്റീവ്, പരിശോധനയ്‌ക്ക് വിധേയരായ മേയറടക്കം 67 കൗണ്‍സിലര്‍മാര്‍ക്കും കൊവിഡില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും നഗരത്തിലെ വിവിധയിടങ്ങളില്‍ കൊവിഡ് കേസുകള്‍ക്ക് കുറവില്ല. വാര്‍ഡ് തലത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിച്ച് സാമൂഹ്യവ്യാപന സാധ്യത ചെറുക്കാനാണ് കോര്‍പറേഷന്‍റെ ഇനിയുളള നീക്കം. കൊവിഡ് കാലത്ത് ഏറ്റവുമധികം പ്രവാസികള്‍ മടങ്ങിയെത്തിയ കോര്‍പറേഷന്‍ കോഴിക്കോടാണ്(14200 പേര്‍). അതിനാല്‍തന്നെ ഓഫീസില്‍ വിജയം കണ്ട മാതൃക ഇനി വീടുവീടാന്തരം എത്തിക്കാനുളള ശ്രമത്തിലാണ് കോര്‍പറേഷന്‍ അധികൃതര്‍.
ഉയരുന്ന കണക്കും ആശങ്കയും; കൊവിഡില്‍ വലഞ്ഞ് രാജ്യം; ദക്ഷിണേന്ത്യയില്‍ വ്യാപനം രൂക്ഷം