സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം; കോട്ടയം ജില്ലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്
ഒന്നാമതെത്തിയ കോട്ടയം ജില്ലയ്ക്ക് 491 പോയിന്റും രണ്ടാമതെത്തിയ തൃശ്ശൂർ ജില്ലയ്ക്ക് 469 പോയിന്റുമാണ് നേടാനായത്
കോട്ടയം: സംസ്ഥാന സ്പെഷൽ സ്‌കൂൾ കലോത്സവത്തിൽ ആതിഥേയരായ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. തൃശ്ശൂർ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ഒന്നാമതെത്തിയ കോട്ടയം ജില്ലയ്ക്ക് 491 പോയിന്റും രണ്ടാമതെത്തിയ തൃശ്ശൂർ ജില്ലയ്ക്ക് 469 പോയിന്റുമാണ് നേടാനായത്.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ തൃശൂർ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 37 പോയിന്റോടെയാണ് ജില്ല ഒന്നാം സ്ഥാനം നേടിയത്. ശ്രവണ പരിമിതിയുള്ളവരുടെ വിഭാഗത്തിൽ 260 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് ഓവറോൾ ചാമ്പ്യന്മാരായത്.
ഈ വിഭാഗത്തിൽ 100 പോയിന്റോടെ പത്തനംതിട്ട മണക്കാല സി എസ് ഐ എച്ച് എസ് എസ് മികച്ച സ്‌കൂളായി ഒന്നാമതെത്തി. കാഴ്ച പരിമിതി നേരിടുന്നവരുടെ വിഭാഗത്തിൽ 238 പോയിന്റോടെ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 96 പോയിന്റു നേടിയ ഒളശ്ശ സർക്കാർ അന്ധവിദ്യാലയം ഈ വിഭാഗത്തിൽ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന സഹകരണ - സാംസ്‌കാരിക വകുപ്പു മന്ത്രി വി എൻ വാസവൻ ഓവറോൾ ചാമ്പ്യന്മാർക്കുള്ള സ്വർണ്ണക്കപ്പും ട്രോഫികളും വിതരണം ചെയ്തു. മികച്ച സ്‌കൂളുകൾക്കുള്ള ട്രോഫികൾ സർക്കാർ ചീഫ് വിപ്പ് ഡോ എൻ ജയരാജ് വിതരണം ചെയ്തു.