'ഇഡി'ക്കൂട്ടിൽ ഏറ്റുമുട്ടാൻ സർക്കാർ, കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകില്ല, കാരണം പെരുമാറ്റച്ചട്ടം

കിഫ്ബി ഡെപ്യൂട്ടി എംഡി വിക്രംജീത് സിംഗിനോട് ഇന്നും കിഫ്ബി സിഇഒ കെ എം എബ്രഹാമിനോട് നാളെയും ഹാജരാകാനാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസയച്ചിരുന്നത്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് പെരുമാറ്റച്ചട്ടലംഘനമെന്ന് കിഫ്ബിയുടെ മറുപടിക്കത്ത്. 

kiifbi ceo and dmd will not appear before enforcement directorate

തിരുവനന്തപുരം: വിദേശനാണ്യപരിപാലനച്ചട്ടം ലംഘിച്ചെന്ന് കാട്ടി കിഫ്ബിക്കെതിരെ കേസെടുത്ത എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമായി നേരിട്ട് ഏറ്റുമുട്ടാൻ ഉറച്ച് സർക്കാർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്യോസ്‌ഥരെ വിളിച്ചുവരുത്താനാകില്ലെന്ന് കാട്ടി ഇഡി അയച്ച സമൻസിന് കിഫ്ബി മറുപടി നൽകി. സമൻസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയും മറുപടിയിൽ ഉന്നയിച്ചിട്ടുണ്ട്. 

കിഫ്ബി ഡെപ്യൂട്ടി എംഡി വിക്രംജീത് സിംഗിനോട് ഇന്നും കിഫ്ബി സിഇഒ കെ എം എബ്രഹാമിനോട് നാളെയും ഹാജരാകാനാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസയച്ചിരുന്നത്. ഈ ഉദ്യോഗസ്ഥർ ഹാജരാകാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് മറുപടി അയച്ചേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഹാജരാകില്ലെന്ന് കൃത്യമായ മറുപടി നൽകുക വഴി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന വ്യക്തമായ സന്ദേശം നൽകുകയാണ് സർക്കാർ.

ഇഡി നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയപ്പോൾ ഇഡിക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ധനമന്ത്രി വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിഎഫ്ബിക്കെതിരെ കേസെടുത്ത ഇഡി നടപടിയെ രാഷ്ട്രീയമായി നേരിടുകയാണ് സർക്കാർ. രാഷ്ട്രീയപ്രേരിതവും പെരുമാറ്റച്ചട്ട ലംഘനവുമാണ് ഇഡി നീക്കമെന്ന് കാണിച്ചാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കേരളത്തിലെത്തി കിഫ്ബിക്കെതിരെ നടത്തിയ വിമർശനത്തിന്‍റെ തുടർച്ചയാണ് ഇഡി നീക്കമെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. കിഎഫ്ബി ഉദ്യോഗസ്ഥരെ ഇഡി ഭീഷണിപ്പെടുത്തുകയാണെന്നും മുട്ടുമടക്കില്ലെന്നും പറഞ്ഞാണ് ധനമന്ത്രിയുടെ വെല്ലുവിളി. ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ പേടിച്ച് പിൻമാറില്ലെന്നും, ജനങ്ങളെ അണിനിരത്തി നേരിടുമെന്നും തോമസ് ഐസക് ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. 

കിഫ്ബി എല്ലാ നിയമ വ്യവസ്ഥകളും പാലിക്കുന്ന സ്ഥാപനമാണെന്ന് തോമസ് ഐസക് ആവര്‍ത്തിച്ചു. ഫെമ ലംഘനം നടത്തിയിട്ടില്ല. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിട്ടും ഇഡിക്ക് ഒന്നും കിട്ടിയില്ല. ഭീഷണിപ്പെടുത്തി അവര്‍ക്കാവശ്യമുള്ള ഉത്തരം സംഘടിപ്പിക്കാനാണ് ശ്രമം. രാജസ്ഥാനിലെ ബിജെപി നേതാവിന്‍റെ മകന്‍ മനീഷ് ഗോദരെയാണ് കൊച്ചയിലെ ഇഡി യൂണിറ്റിന്‍റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ബിജെപിക്കു വേണ്ടി ഒട്ടേറെ ഇഡി റെയ്ഡുകള്‍ക്ക് മനീഷ് നേതൃത്വം നല്‍കിയിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവും തോമസ് ഐസക് ഉന്നയിച്ചു.   

കിഫ്ബിയെ തകർക്കാനുള്ള ബിജെപി ഗൂഡാലോചന എന്ന പറഞ്ഞ് വികസന അജണ്ട സർക്കാർ വീണ്ടും ഉയർത്തുമ്പോൾ പ്രതിപക്ഷ നിലപാട് തന്ത്രപരമാണ്. കിഎഫ്ബിക്കെതിരെ ഗുരുതര ആരോപണം നേരത്തെ ഉന്നയിച്ച രമേശ് ചെന്നിത്തല ഇപ്പോഴത്തെ കേസിൽ ദുരൂഹത ആരോപിക്കുന്നു. കേസെടുത്തതിന് പിന്നിൽ സിപിഎം- ബിജെപി ഒത്തുതീർപ്പാണെന്നാണ് ചെന്നിത്തല പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios