കേരളീയത്തിൽനിന്ന് എന്തുകിട്ടി? ചോദ്യങ്ങൾക്ക് മറുപടിയില്ല! പിരിച്ച തുകയുടെ വിവരങ്ങളില്ലെന്ന് ജിഎസ്‍ടി വകുപ്പ്
കേരളീയത്തിന്‍റെ നടത്തിപ്പ് ചെലവിനുള്ള പിരിവിന് ജിഎസ്‍ടി വകുപ്പിനെ നിയോഗിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം സ്പോൺസര്‍ഷിപ്പിനെ കുറിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങൾക്ക് ജിഎസ്ടി വകുപ്പിന്‍റെ വിചിത്ര മറുപടി
തിരുവനന്തപുരം: കേരളീയത്തിന് ഏറ്റവും അധികം തുക സ്പോൺസര്‍ഷിപ്പിലൂടെ സമാഹരിച്ചെന്ന് സര്‍ക്കാര്‍ പറയുന്ന ജിഎസ്‍ടി വകുപ്പിൽ പിരിച്ചെടുത്ത തുകയുടെ വിശദാംശങ്ങളില്ലെന്ന് വിവരാവകാശ രേഖ. സ്പോൺസര്‍മാരുടെ പേര് വിവരങ്ങളും ലഭിച്ച തുകയുടെ വിശദാംശങ്ങളും അടക്കം ഒരു ചോദ്യത്തിനും ജിഎസ്‍ടി വകുപ്പിന് മറുപടിയുമില്ല. കേരളീയത്തിന്‍റെ നടത്തിപ്പ് ചെലവിനുള്ള പിരിവിന് ജിഎസ്‍ടി വകുപ്പിനെ നിയോഗിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇതിന് പിന്നാലെ മികച്ച സ്പോൺസര്‍മാരെ കണ്ടെത്തിയതിന് ജിഎസ് ടി വകുപ്പ് ഉദ്യോഗസ്ഥരെ സമാപന ചടങ്ങിൽ ആദരിക്കുക കൂടി ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയോടെ പ്രതിപക്ഷം അഴിമതി ആരോപണത്തിന് അടിവരയിട്ടു.
ഇതിന് പിന്നാലെയാണ് കേരളീയം സ്പോൺസര്‍ഷിപ്പിനെ കുറിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങൾക്ക് ജിഎസ്ടി വകുപ്പിന്‍റെ വിചിത്ര മറുപടി. കേരളീയത്തിന് ചെലവായ തുകയെത്ര എന്ന് തുടങ്ങി എത്ര സ്പോൺസര്‍മാരുണ്ടായിരുന്നെന്നും എത്ര തുക പിരിഞ്ഞു കിട്ടിയെന്നും അടക്കം 12 ചോദ്യങ്ങൾ ചോദിച്ചെങ്കിലും ഒന്നിനുമുള്ള മറുപടി വകുപ്പിലില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. പിന്നെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ആദരം എന്ന് ചോദിച്ചാൽ അതിനും അധികൃതര്‍ക്ക് ഉത്തരമില്ല. നികുതി അടവിൽ വീഴ്ച വരുത്തിയതിന് നിയമ നടപടി നേരിടുന്നവര്‍ പോലും സ്പോൺസര്‍മാരുടെ കൂട്ടത്തിലുണ്ടെന്നാണ് പുറത്ത് വന്ന വിവരം. പിരിവിന് ജിഎസ്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചത് വഴി കേരളീയത്തിന്‍റെ മറവിൽ വൻ ക്രമക്കേടിനാണ് സര്‍ക്കാര്‍ കുട പിടിച്ചതെന്ന ആക്ഷേപവും ഇതോടെ ശക്തമായി. ജിഎസ് ടി സമാഹരിച്ചത് മാത്രമല്ല. ആകെ കിട്ടിയ സ്പോൺസർഷിപ്പ് വിവരങ്ങളും ഇപ്പോഴും ഇരുട്ടിലാണ്.
ഇന്ത്യയുടെ അതൃപ്തി പരിഹരിക്കാനുള്ള നീക്കവുമായി മാലദ്വീപ്; ലക്ഷദ്വീപിൽ എത്താൻ കടമ്പകൾ ഏറെ