സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം: വി വേണു ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഇഷിത റോയ്, നിലവിൽ കൈകാര്യം ചെയ്യുന്ന അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ചുമതലയും വഹിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. വി വേണുവിന് ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമനം നൽകി. ടിങ്കു ബിസ്വാളാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി. ആരോഗ്യ സെക്രട്ടറി ആയിരുന്ന രാജൻ ഖോബ്രഗഡെയെ ജല വിഭവ വകുപ്പിലേക്ക് മാറ്റി. ശർമിള മേരി ജോസഫിന് തദ്ദേശ വകുപ്പിന്റെ പൂർണ്ണ ചുമതല നൽകി. എസ്‌സി - എസ്‍ടി സ്പെഷൽ സെക്രട്ടറിയായി എൻ പ്രശാന്തിനെ നിയമിച്ചു.
ടികെ ജോസ് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനങ്ങളിൽ മാറ്റം വന്നത്. നിലവിൽ വി വേണു ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. ഇദ്ദേഹത്തിന് വിജിലൻസിന്റെയും പരിസ്ഥിതി വകുപ്പിന്റെയും ചുമതലയുണ്ട്. ഡോ എ ജയതിലക് എസ്സി എസ്ടി വകുപ്പ്, സാംസ്കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറിയാവും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഇഷിത റോയ്, നിലവിൽ കൈകാര്യം ചെയ്യുന്ന അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ചുമതലയും വഹിക്കണം. ഡോ രാജൻ ഖോബ്രഗഡെയ്ക്ക് കാർഷിക വകുപ്പിന്റെയും തീരദേശ ഷിപ്പിങ് ആന്റ് ഇൻലാന്റ് നാവിഗേഷന്റെയും അധിക ചുമതലയുണ്ട്.
ടിങ്കു ബിസ്വാളിന് ആയുഷിന്റെയും തുറമുഖ വകുപ്പിന്റെയും അധിക ചുമതലയുണ്ട്. പഞ്ചായത്തുകളുടെ ചുമതല വഹിച്ചിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫിന് നഗര തദ്ദേശ സ്ഥാപനങ്ങളുടെയും പൂർണ ചുമതല നൽകി. അലി അസ്ഗർ പാഷയാണ് പുതിയ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി. എസ്സി എസ്ടി വകുപ്പ് സ്പെഷൽ സെക്രട്ടറിയായാണ് എൻ പ്രശാന്തിന്റെ നിയമനം.
മുല്ലപ്പെരിയാർ സൂപ്പർവൈസറി സമിതി അംഗമായ അലക്സ് വർഗീസിന് ഐഎഎസ് പദവി നൽകാൻ തീരുമാനമായി. അദ്ദേഹം സഹകരണ സൊസൈറ്റ് രജിസ്ട്രാറായി ചുമതലയേൽക്കും. മുല്ലപ്പെരിയാർ സൂപ്പർവൈസറി സമിതി അംഗമായി തുടരുകയും ചെയ്യും.