Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചിടത്ത് യെല്ലോ

പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  

Kerala Rain Latest Update imd issues Orange and yellow alert in some districts on June 26
Author
First Published Jun 26, 2024, 1:45 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് കനത്ത നാശം തുടരുകയാണ്. കോസ് വേ വെള്ളത്തിൽ മുങ്ങിയതോടെ പത്തനംതിട്ട പെരുനാട് 400 കുടുംബങ്ങൾ ഒറ്റപ്പെട്ടു. കല്ലാർകുട്ടി പൊരിങ്ങൽകുത്ത് ഡാമുകൾ തുറന്നു. ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമൺ കോസ് വേ വെള്ളത്തിൽ മുങ്ങി. നദിക്ക് കുറുകെ മറുകര എത്താൻ 400 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന പാതയാണ് മേഖല ഒറ്റപ്പെട്ടു.

കല്ലാറിൽ ജലനിരപ്പ് ഉയർന്നതോടെ കോന്നി അടവി ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള കുട്ടവഞ്ചിസവാരി താൽക്കാലികമായി നിർത്തിവെച്ചു. കണ്ണൂർ പയ്യന്നൂരിൽ കനത്ത കാറ്റിൽ വൻ നാശം. മരങ്ങൾ കടപുഴകി വീണ് നാല് വീടുകൾ ഭാഗികമായി തകർന്നു. വൈദ്യുതി ലൈനുകളും പൊട്ടിവീണു. കാർഷികവിളകളും നശിച്ചു. തലശ്ശേരി തലായിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാണു.മീത്തലെ ചമ്പാട് അങ്കണവാടിയിൽ വെളളം കയറി. നടാൽ ടൗണിലെ ചില കടകളിലും വെള്ളം കയറി.

കോഴിക്കോട് മലയോര മേഖലകളില്‍  പുഴകളില്‍ വെള്ളം ഉയര്‍ന്നു. കുറ്റിയാടി മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് തൊട്ടില്‍പാലം പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ചെറിയകുംബളം കട്ടംകോട് റോഡില്‍ മരം കടപുഴകി വീണു. പയ്യോളി ദേശീയ പാതയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പയ്യോളി ബസ്റ്റാന്‍റിലും വെള്ളം കയറി. ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും  ജലനിരപ്പുയര്‍ന്നത്. കുറ്റിയാടി ചുരത്തില്‍ രണ്ടിടത്ത് നേരിയ തോതില്‍ മണ്ണിടിച്ചിലുമുണ്ടായി.

Also Read: മഴയ്ക്കൊപ്പം ശക്തമായ കാറ്റ്, കശുമാവ് പിഴുതുവീണ് കൂര നിലംപൊത്തി; എന്തുചെയ്യുമെന്നറിയാതെ പ്രദീപും കുടുംബവും

ഇടുക്കി ഏലപ്പാറക്ക് സമീപം ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു.  പുതുവൽ സ്വദ്ദേശി കെ.പി സുബ്ബയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീട് ഭാഗീകമായി തകർന്നെങ്കിലും ഉള്ളിലുണ്ടായിരുന്ന സുബ്ബയ്യയും ഭാര്യയും മകനും കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു.  കൊച്ചറയിൽ വീടിൻറെ സംരക്ഷണഭിത്തി തകർന്ന് മൂന്ന് വീടുകൾ അപകടാവസ്ഥയിലായി. പുതുപ്പറമ്പിൽ സുന്ദരമൂർത്തിയുടെ വീടിൻ്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. സമീപവാസികളായ വനരാജ്, രതീഷ് എന്നിവരുടെ വീടുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഹൈറേഞ്ച് മേഖലയിൽ പല സ്ഥലത്ത് മരം വീണ് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.

മൂന്നാറിൽ ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് ഉൾപ്പെടെ 40 പേരെ ദുരിതാശ്വാസ ക്യാമ്പിൽ മാറ്റിപ്പാർപ്പിച്ചു. ദേവികുളത്ത് കരിങ്കൽ സംരക്ഷണ ബുദ്ധിയിടിഞ്ഞ് വീടിന് കേടുപാട് സംഭവിച്ചു. ആളപായമില്ല. കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. കല്ലാർകു ട്ടി മണലേൽ വാസുവിൻ്റെ വീട് ഇന്നലെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരം വീണു തകർന്നു ആർക്കും പരിക്കില്ല.അടിമാലിക്ക് സമീപം വാളറയിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് മുകളിലേക്ക് ഇല്ലി ഒടിഞ്ഞു വീണു. ബസ്സിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപായം ഒഴിവായി.

Also Read:  ദുരിത മഴ തുടരുന്നു; വീടിന് മുകളിൽ മരം വീണ് അപകടം, ​ഗതാ​ഗത തടസം; പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദേശം

മലപ്പുറം എടവണ്ണയിൽ റോഡിൽ മരം കടപുഴകി വീണു. എടവണ്ണ  നിലമ്പൂർ റോഡിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കോട്ടയം ജില്ലയിൽ കിഴക്കൻ മലയോര മേഖലയിലാണ് മഴ കൂടുതൽ ശക്തം. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. ജില്ലയിലെ അതിതീവ്ര മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് അംഗണവാടി മുതൽ പ്രഫഷണൽ കോളേജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിക്കുകയാണ്. കൊല്ലത്ത്  ശക്തമായ കാറ്റിലും മഴയിലും ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അന്നദാന ഹാളിൻ്റെ ഒരു ഭാഗം തകർന്നു. ശക്തമായ കാറ്റിലും മഴയിലും പവിത്രേശ്വരത്ത് വീടിന് മുകളിൽ മരം വീണു. ഗംഗാഭവനിൽ സുഷമയുടെ വീടാണ് തകർന്നത്.

അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്നു. മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്കേറ്റു. കാക്കാഴം കിഴക്ക് പുത്തൻ ചിറയിൽ ഉസ്മാന്റെ വീടാണ് തകർന്നത്. ഗുരുവായൂർ കോട്ടപ്പടി അങ്ങാടി റോഡിൽ അപകടാവസ്ഥയിൽ നിന്നിരുന്ന  കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. രണ്ട് വർഷത്തോളമായി കോട്ടപ്പടി അങ്ങാടി റോഡിൽ ഈ കെട്ടിടം അപകട ഭീഷണിയായി നിൽക്കുന്നത്. മംഗളൂരുവിന് അടുത്ത് ഉള്ളാൾ മദനി നഗറിൽ കനത്ത മഴയിൽ വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് നാല് പേർ മരിച്ചു. റിഹാന മൻസിലിൽ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാൻ (17) റിഹാന (11) എന്നിവരാണ് മരിച്ചത്. മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios