കോട്ടയത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പൊലീസുകാരൻ മരിച്ചു
സ്പെഷൽ ബ്രാഞ്ച് എസ്ഐയായിരുന്നു. ഹൃദ്രോഗി കൂടിയായ അജിതന് ഭാര്യയിൽ നിന്നാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് നിഗമനം
കോട്ടയം: കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് രോഗം ബാധിച്ച് ഒരു പൊലീസുകാരൻ മരിക്കുന്നത്. ഇടുക്കി സ്വദേശിയായ സബ് ഇൻസ്പെക്ടർ അജിതൻ(55) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സ്പെഷൽ ബ്രാഞ്ച് എസ്ഐയായിരുന്നു.
ഹൃദ്രോഗി കൂടിയായ അജിതന് ഭാര്യയിൽ നിന്നാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് നിഗമനം. ഭാര്യ ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയാണ്. ഇവർക്ക് കൊവിഡ് ബാധിച്ചത് ചെറുതോണി കോളനിയിലുള്ള സ്ത്രീയിൽ നിന്നാണ്. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജിതന്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ മകനും കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭാര്യയും മകനും കഴിഞ്ഞ ദിവസം കൊവിഡ് മുക്തരായിരുന്നു.
കൊവിഡ് മാർഗ്ഗ നിർദേശ പ്രകാരം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്രയിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. പൊലീസ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. ഛായാചിത്രത്തിന് മുന്നിൽ പൊലീസുകാർ ഗാർഡ് ഓഫ് ഓണർ നൽകി.