കൊവിഡ് പരിശോധന നയം മാറ്റി സംസ്ഥാന സര്‍ക്കാര്‍, പുതിയ നിര്‍ദേശം ഇങ്ങനെ
ആന്റിജന്‍ പോസിറ്റീവ് ആയാല്‍ രോഗ സ്ഥിരീകരണത്തിന് ആര്‍ടിപിസിആര്‍ പരിശോധന വേണമെന്നില്ല.
തിരുവനന്തപുരം: കൊവിഡ് പരിശോധന നയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. ആന്റിജന്‍ പോസിറ്റീവ് ആയാല്‍ രോഗ സ്ഥിരീകരണത്തിന് ആര്‍ടിപിസിആര്‍ പരിശോധന വേണമെന്നില്ല. രോഗമുക്തിക്കും പരിശോധന വേണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ 10 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷം പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 17 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ കൊവിഡ് നെഗറ്റീവായി കണക്കാക്കും.
ഡൊമിസലറി കെയര്‍ സെന്റര്‍ ഇനി കരുതല്‍ വാസ കേന്ദ്രം എന്ന് അറിയപ്പെടും. കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തും. കൊവി ഷീല്‍ഡ് വാക്‌സീന്‍ രണ്ടാം ഡോസ് പരിധി നീട്ടി. 12 മുതല്‍ 16 ആഴ്ചക്ക് ശേഷം മാത്രമാണ് രണ്ടാം ഡോസ് നല്‍കുക. തിങ്കളാഴ്ച മുതല്‍ 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കു വാക്‌സിന്‍ നല്‍കും. ഗ്രാമങ്ങളില്‍ പ്രത്യകം ശ്രദ്ധ നല്‍കാനും തീരുമാനമായി. ലക്ഷണം കണ്ടാല്‍ കൊവിഡ് എന്ന് ഉറപ്പിച്ചു സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും എത്രയും വേഗത്തില്‍ ടെസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓക്‌സിജന്‍ കരുതലില്‍ വലുതായി ആശങ്ക വേണ്ട. കേന്ദ്രം കൂടുതല്‍ അനുവദിച്ച ഓക്‌സിജന്‍ കിട്ടുന്നതോടെ ആശങ്ക ഒഴിവാകും. എന്നാല്‍ ഓക്‌സിജന്‍ നിലയില്‍ നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona