Asianet News MalayalamAsianet News Malayalam

സർക്കാർ ഗ്യാരണ്ടിയോടെ 25 കോടി രൂപ വായ്പ; കെ ഫോണിന് വായ്പ എടുക്കാൻ അനുമതി നൽകി മന്ത്രിസഭാ യോഗം

കോടികൾ ചെലഴിച്ചിട്ടും ആദ്യ ഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ പോലും കൊടുത്തു തീർക്കാൻ കഴിയാതെയാണ് പിന്നെയും പിന്നെയും കെ ഫോൺ കടമെടുക്കുന്നതും.

Kerala cabinet meeting give permission to K FON to take loan
Author
First Published Jun 27, 2024, 9:44 AM IST

തിരുവനന്തപുരം: പ്രവർത്തന മൂലധനം കണ്ടെത്താതെ പ്രതിസന്ധിയിലായ കെ ഫോണിന് വായ്പ എടുക്കാൻ അനുമതി നൽകി മന്ത്രിസഭാ യോഗം. സർക്കാർ ഗ്യാരണ്ടിയോടെ 25 കോടി രൂപ വായ്പയെടുക്കാനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.

അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാർ പണം മുടക്കും, പ്രവർത്തന മൂലധനം കെ ഫോൺ കണ്ടെത്തണം. തുടങ്ങിയപ്പോൾ ഇതായിരുന്നു വ്യവസ്ഥ. വാണിജ്യ കണക്ഷനുകൾ നൽകിയും ഡാക്ക് കേബിൾ വാടകക്ക് നൽകിയും പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് പുറമെ നൂറ് കോടി രൂപ വായ്പ തിരിച്ചടവും കെ ഫോണിന്റെ ചുമതലയാണ്. പക്ഷെ തുടങ്ങിയതെവിടെയോ അവിടെ തന്നെ നിൽക്കുന്ന അഭിമാന പദ്ധതി പണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന ഘട്ടത്തിലാണ് പുതിയ സാധ്യതകൾ തേടുന്നത്.

പ്രവര്‍ത്തനത്തിന് മൂലധനം കണ്ടെത്താന്‍ ബാങ്ക് ലോണ്‍ ലഭ്യമാക്കുക, കിഫ്ബിയില്‍ നിന്ന് ഫണ്ട് കണ്ടെത്തുക, കെ ഫോണിനെ സ്റ്റാര്‍ട്ട് അപ്പായി അംഗീകരിച്ച് വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ട് കണ്ടെത്തുക തുടങ്ങിയ ആലോചനകളാണ് നടന്നത്. ഒടുവിൽ വായ്പക്ക് ഇന്ത്യൻ ബാങ്കിനെ സമീപിച്ചു. സർക്കാർ ഗ്യാരണ്ടിയില്ലാതെ വായ്പ നൽകാനാകില്ലെന്ന ബാങ്ക് നിലപാട് കൂടി കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

5 വർഷ കാലാവധിയിൽ 9.2 ശതമാനം വരെ പലിശ നിരക്കിൽ വായ്പയെടുക്കാനുള്ള ഫയൽ ഐടി വകുപ്പ് മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി തന്നെയാണ് മന്ത്രിസഭയ്ക്ക് മുന്നിലെത്തിച്ചത്. ഒരു മാസം കഷ്ടിച്ച് കടന്ന് പോകാൻ 15 കോടി രൂപയെങ്കിലും വരുമെന്നാണ് കെ ഫോണിന്റെ കണക്ക്. കോടികൾ ചെലഴിച്ചിട്ടും ആദ്യ ഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ പോലും കൊടുത്തു തീർക്കാൻ കഴിയാതെയാണ് പിന്നെയും പിന്നെയും കെ ഫോൺ കടമെടുക്കുന്നതും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios