കരമന അഖിൽ കൊലക്കേസ്: പ്രധാന പ്രതികളിലൊരാൾ പിടിയിൽ, നിർണായകമായത് അക്രമ ദൃശ്യങ്ങൾ
കേസിലെ പ്രധാന പ്രതികളിലൊരാളായ അനീഷിനെ ബാലരാമപുരത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം : കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. കേസിലെ പ്രധാന പ്രതികളിലൊരാളായ അനീഷിനെ ബാലരാമപുരത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
ഇന്നലെ വൈകീട്ടാണ് നാടിനെ നടക്കുന്ന രീതിയിലുള്ള അരും കൊലയുണ്ടായത്. കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തി. പിന്നീട് കല്ലെടുത്ത് തലക്കടിച്ചു. വിനീഷ് രാജ്, അഖിൽ,സുമേഷ്, അനീഷ് എന്നിവരാണ് പ്രതികൾ. അനീഷ് ഒഴികെയുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ 26ന് പാപ്പനംകോടുള്ള ബാറിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം.
2019ൽ അനന്തുവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവർ തന്നെയാണ് അഖിലിന്റെ കൊലക്ക് പിന്നിലും.2019 മാർച്ചിൽ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അന്ന് കൊല്ലപ്പെട്ട അനന്തവും പ്രതികളും തമ്മിൽ തർക്കമുണ്ടായത്. ദിവസങ്ങൾക്ക് ശേഷം പ്രതികളിൽ ഒരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് ഇവർ അനന്തുവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. ആഘോഷം പാതിവഴിയിൽ നിർത്തി പ്രതികൾ അനന്തുവിനെ തേടിയിറങ്ങി. റോഡരികിലെ ബേക്കറിയിൽ നിൽക്കുകയായിരുന്നു അനന്തുവിനെ ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയാണ് ആക്രമിച്ചത്.അതിക്രൂരമായി അനന്തുവിനെ പീഡിപ്പിച്ചു. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും കാലിലെ മാംസം മുറിച്ചു മാറ്റുകയും ചെയ്തു.
മരണത്തോടനുബന്ധില്ലിടുമ്പോൾ പ്രതികൾ പാട്ടു പാടി രസിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ പിടിയിലായിരുന്നു. അനന്തുവധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്. കൊല്ലപ്പെട്ട അനന്തുവും അഖിലിനും തമ്മിൽ ബന്ധമില്ല. പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അഖിലിനെതിരെ ക്രിമിനിൽ കേസുകളില്ല.മീൻകച്ചവടം നടത്തുന്നയാളാണ് അഖിൽ.