മാവോയിസ്റ്റ് ഭീതിയിൽ കമ്പമല; പണിക്ക് പോകാൻ പോലും പേടിയെന്ന് തൊഴിലാളികൾ, തെരച്ചിൽ തുടർന്ന് പൊലീസ്

ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് കമ്പമലയിലെ തലപ്പുഴയിൽ മാവോയിസ്റ്റുകളെത്തിയത്

Kambamala maoist attack locals under threat kgn

വയനാട്: മാവോയിസ്റ്റുകൾ പതിവായി എത്തി അക്രമം നടത്തുന്നതിന്റെ ആശങ്കയിൽ കമ്പമല നിവാസികൾ. കെഎഫ്‌ഡിസി തോട്ടത്തിൽ ജോലിക്ക് ഇറങ്ങാൻ പോലും ഇപ്പോൾ ഭയമാണെന്ന് തൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പലരും പണിക്ക് പോകാനും മടിക്കുന്ന സ്ഥിതിയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓഫീസിന് നേരെ ആക്രമണം ഉണ്ടായതോടെ ഉദ്യോഗസ്ഥരും ഭീതിയിലാണ്.

ഇരുട്ടുവീണാൽ മാവോയിസ്റ്റുകളെത്തുമെന്ന ഭീതിയാണ് കമ്പമലയിലുള്ളത്. ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് കമ്പമലയിലെ തലപ്പുഴയിൽ മാവോയിസ്റ്റുകളെത്തിയത്. ആദ്യം വനം വകുപ്പിന്റെ ഓഫീസ് അടിച്ചു തകർത്ത് മടങ്ങിയ സംഘം രണ്ട് ദിവസത്തിന് ശേഷം വീണ്ടുമെത്തി. വീടുകൾ സന്ദർശിച്ച് മടങ്ങുകയും ചെയ്തു. ഏറ്റവുമൊടുവിൽ പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ സംഘം തകർത്തു. ഈ സാഹചര്യത്തിലാണ് എങ്ങനെ ഭയക്കാതിരിക്കുമെന്ന തൊഴിലാളികളുടെ ചോദ്യം.

തലപ്പുഴ മേഖലയിൽ തണ്ടർബോൾട്ട് ക്യാമ്പ് ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകൾക്കായി വനമേഖലയിലടക്കം തെരച്ചിൽ നടത്തുന്നുണ്ട്. ഇരുട്ടുവീണാൽ എവിടെയും എപ്പോഴും സായുധ മാവോയിസ്റ്റുകൾ എത്തുമെന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അഞ്ചുപേരാണ് മാവോയിസ്റ്റ് സംഘത്തിലുള്ളത്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്. എന്നാൽ പിടികൂടാൻ കഴിഞ്ഞില്ല. 

തേയില നുള്ളി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നവരാണ് തലപ്പുഴ മേഖലയിൽ അധികവും. കേരള വനം വികസന കോർപറേഷനാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗവും തൊഴിൽ ദാതാവും. അതും അടഞ്ഞുപോകുമോയെന്ന ചോദ്യവും തൊഴിലാളികളിൽ നിന്ന് ഉയരുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios