Asianet News MalayalamAsianet News Malayalam

എയിംസ് പോലെയുള്ള പദ്ധതികൾ ബജറ്റില്‍ പ്രഖ്യാപിക്കാറില്ല, കേരളത്തിൽ എയിംസ് വരുമെന്നുറപ്പാണെന്ന് കെ.സുരേന്ദ്രന്‍

ബജറ്റിനെ പറ്റി പഠിക്കുന്നതിന് മുന്നേ സംസ്ഥാന ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ ബഡ്ജറ്റ് കേരള വിരുദ്ധമാണെന്ന് വിമർശനം നടത്തുന്നത് ശരിയല്ല.

K surendran response on union budget
Author
First Published Jul 23, 2024, 5:02 PM IST | Last Updated Jul 24, 2024, 1:42 PM IST

തിരുവനന്തപുരം: കേന്ദ്രധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബഡ്ജറ്റ് വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.ബജറ്റിനെ പറ്റി പഠിക്കുന്നതിന് മുന്നേ സംസ്ഥാന ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ ബഡ്ജറ്റ് കേരള വിരുദ്ധമാണെന്ന് വിമർശനം നടത്തുന്നത് ശരിയല്ല. ബഡ്ജറ്റിലെ ഒരു കടലാസും കാണുന്നതിനു മുമ്പാണ് ധനകാര്യ മന്ത്രി പ്രതികരണം നടത്തിയത്.

കഴിഞ്ഞ 10 വർഷമായിട്ട് ഒരു ബഡ്ജറ്റിലും എംയിസ് പോലെയുള്ള പദ്ധതികൾ പ്രഖ്യാപിക്കാറില്ല. അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്. എന്നാൽ മുൻവിധിയോടുകൂടിയുള്ള വിമർശനമാണ് കേരള ധനകാര്യ മന്ത്രി ഉന്നയിക്കുന്നത്. കേരളത്തിലെ ഓരോ കേന്ദ്ര പദ്ധതിക്കും എന്തൊക്കെ ലഭിച്ചു എന്ന് വ്യക്തമാകാൻ ഇരിക്കുന്നതേയുള്ളൂ. 54,000 കോടി കേരളത്തിന് കിട്ടാനുണ്ടെന്ന് പറഞ്ഞ ധനമന്ത്രിയിൽ നിന്നും ഇതൊക്കെയേ മലയാളികൾ പ്രതീക്ഷിക്കുന്നുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു

അടിസ്ഥാന വികസന മേഖലയിലും ഉത്പാദന മേഖലയിലും മുന്നേറ്റത്തിന് വേഗത കൂട്ടുന്ന ബഡ്ജറ്റാണിത്. സ്ത്രീകൾ, പട്ടികജാതിക്കാർ, പട്ടികവർഗ്ഗക്കാർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്രധനമന്ത്രിക്ക് സാധിച്ചു. 4.1 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ അധിക ശമ്പളം ലഭ്യമാക്കുകയും ചെയ്യുന്ന നടപടികൾ യുവാക്കളുടെ പ്രതീക്ഷ വാനോളം ഉയർത്തുമെന്നുറപ്പാണ്. മുദ്ര ലോൺ 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമാക്കിയ ഉയർത്തുന്നത് സംരഭകത്വം വർദ്ധിപ്പിക്കുകയും യുവാക്കൾക്ക് മികച്ച അവസരമൊരുക്കുകയും ചെയ്യും. വികസനത്തിന് സഹായിക്കുന്ന നിരവധി നിർദ്ദേശങ്ങളാണ് ബഡ്ജറ്റിൽ ഉള്ളത്.

നഗരങ്ങളിൽ ഒരു കോടി പുതിയ വീടുകൾ നിർമ്മിക്കുന്നത് നിർമ്മാണ മേഖലയ്ക്കും കരുത്തുപകരും. കേരളത്തിന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ നീക്കിയിരിപ്പ് ഈ ബഡ്ജറ്റിലുണ്ട്. ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഉണ്ട്. കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ അനുവദിച്ചു. സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമത് വർദ്ധിപ്പിക്കാൻ നികുതി ഇളവ് നൽകും. എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന ബഡ്ജറ്റാണിത്. മധ്യവർഗത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്ന തരത്തിലുള്ള നികുതി പരിഷ്കരണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios