Asianet News MalayalamAsianet News Malayalam

'ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി'; സമ്മതിച്ച് എഡിജിപി, സ്വകാര്യസന്ദർശനമെന്നും വിശദീകരണം

ക്രമസമാധാന ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥൻ ആർ.എസ്.എസ്. നേതാവിനെ കണ്ടത് ഇൻറലിജൻസ് റിപ്പോർട്ട് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത് കൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യവും ശക്തമാകുന്നു.

Meet RSS chief Agreed ADGP mr ajithkumar private visit and explanation
Author
First Published Sep 7, 2024, 7:19 AM IST | Last Updated Sep 7, 2024, 1:23 PM IST

തിരുവനന്തപുരം: ആർഎസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ.അജിത് കുമാർ. സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിക്ക് അജിത് കുമാർ നൽകിയ വിശദീകരണം. കൂടിക്കാഴ്ച ദുരൂഹമാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു വിശദീകരണം നൽകൽ. ക്രമസമാധാന ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥൻ ആർ.എസ്.എസ്. നേതാവിനെ കണ്ടത് ഇൻറലിജൻസ് റിപ്പോർട്ട് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത് കൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യവും ശക്തമാകുന്നു.

2023 മെയ് 20 മുതൽ 22വരെയാണ് തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ ആർഎസ്എസ് ക്യാമ്പ് നടന്നത്. ക്യാമ്പിനിടെ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി എഡിജിപി എംആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തോടെയാണ് വിവാദം ശക്തമാകുന്നത്. സതീശന്റെ ആക്ഷേപത്തിന് പിന്നാലെയാണ് എഡിജിപി മുഖ്യമന്ത്രിയോട് വിശദീകരിച്ചത്.

ഒപ്പം പഠിച്ച  ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിശദീകരണം. സുഹൃത്ത് മുഖേനയെയായിരുന്നു  വിജ്ഞാൻഭാരതി നേതാവായ ജയകുമാറിനെ നേരത്തെ പരിചയപ്പെട്ടത്. ജയകുമാറിന്റെ കാറിലായിരുന്നു ഹോട്ടലിലെത്തിയുള്ള കൂടിക്കാഴ്ച.  സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് വിശദീകരിച്ചത്. പക്ഷെ വിശദീകരണത്തിന് ശേഷവും  കൂടിക്കാഴ്ചയിലെ ദുരൂഹതകള്‍ ഒരുപാട് ബാക്കിയുണ്ട്.

ആർഎസ്എസ് ജനറൽ സെക്രട്ടറിയെ എഡിജിപി എം.ആർ.അജിത് കുമാർ കാണാൻ തീരുമാനിച്ചുവെങ്കിൽ എന്തുകൊണ്ട് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു?. ഔദ്യോഗിക വാഹനം വിട്ട്  ആർഎസ്എസ് നേതാവ് ജയകുമാറിന്റെ വാഹനത്തിൽ എന്തിന് തൃശൂരിലെ ഹോട്ടലിൽ കൂടിക്കാഴ്ചക്കെത്തിയത്? ഔദ്യോഗിക വാഹനത്തിലെ ലോഗ് ബുക്കിൽ നിന്നും യാത്ര ഒഴിവാക്കാനായിരുന്നോ ഈ നീക്കം?

പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിക്കും വരെ കൂടിക്കാഴ്ച രഹസ്യമാക്കി വയ്ക്കാൻ എഡിജിപി ശ്രമിച്ചുവെന്ന് വ്യക്തം. അജിത്കുമാർ മാത്രമല്ല സംശയനിഴലിൽ. ആർഎസ്എസിനെ മുഖ്യശത്രുവായി കാണുന്ന സിപിഎം മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലേ എന്നുള്ളതാണ് ഏറ്റവും പ്രധാന ചോദ്യം.

എഡിജിപിയുടെ സന്ദർശനം ഇൻറലിജൻസ് മുഖേന മുഖ്യമന്ത്രി അറിഞ്ഞിട്ടും നടപടിഎടുക്കാതിരുന്നത് എന്ത് കൊണ്ട്?. അജിത് കുമാറിന്റെ വിശദീകരണം ദുർബ്ബലമായിട്ടും എന്ത് കൊണ്ട് മുഖ്യമന്ത്രി ഇനിയും അത് വിശ്വസിക്കുന്നത്?. അജിത് കുമാറിനെതിരായ പിവി അൻവറിന്റെ പരാതിയില്‍ പൂരം കലക്കിയതും പറയുന്നുണ്ട്. ഡിജിപി തല അന്വേഷണപരിധിയിൽ വിവാദ കൂടിക്കാഴ്ചയും അന്വേഷിക്കേണ്ടിവരും.

Latest Videos
Follow Us:
Download App:
  • android
  • ios