ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ കളക്‌ടർക്കെതിരെ കെ സുരേന്ദ്രൻ; 'നവീൻ ബാബുവിനെ അഴിമതിക്കാരനാക്കി കള്ളമൊഴി നൽകി'
കെ സുധാകരൻ പറഞ്ഞുവെച്ച 5 ലക്ഷം വിഡി സതീശൻ വാങ്ങിപ്പോയതിൽ കോൺഗ്രസിൽ വലിയ വിവാദം നടക്കുന്നുവെന്നും കെ സുരേന്ദ്രൻ്റെ ആരോപണം
ചേലക്കര: കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയാണ് പി പി ദിവ്യക്ക് ജാമ്യം ലഭിക്കാൻ കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എഡിഎം നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് കളക്ടർ കള്ളമൊഴി നൽകിയത് കൊണ്ടാണ് ദിവ്യക്ക് ജാമ്യം ലഭിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി തന്നെയാണ് ദിവ്യയെ സംരക്ഷിച്ചതെന്നും സർക്കാർ അഭിഭാഷകൻ്റെ സഹായം ദിവ്യക്ക് ലഭിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
പാലക്കാട് റെയ്ഡ് അനാവശ്യമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് വിവരം പോലീസിൽ നിന്നും സിപിഎമ്മിലെ ഒരു വിഭാഗത്തിൽ നിന്നും ചോർന്നു. കെ സുധാകരന്റെ സ്ഥലത്ത് പോയി വി ഡി സതീശൻ പണം പിരിച്ചു എന്ന് പറഞ്ഞ് കോൺഗ്രസിൽ വലിയ വിവാദം നടക്കുന്നുണ്ട്. സുധാകരൻ പറഞ്ഞുവെച്ച 5 ലക്ഷം രൂപ സതീശൻ വാങ്ങിപ്പോയി എന്ന് പറഞ്ഞാണ് വിവാദം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരൻ തന്നോട് കൊമ്പുകോർക്കാൻ വരേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ മത്സരിച്ചിരുന്നെങ്കിൽ പാലക്കാട് ബിജെപി ജയിക്കുമായിരുന്നുവെന്ന സന്ദീപ് വാര്യരുടെ പ്രസ്താവനയിൽ അദ്ദേഹം മറുപടി പറഞ്ഞില്ല.
<