'ട്രോൾ അല്ല' ചിത്രവുമായി കെ സുരേന്ദ്രൻ, പിണറായിയും പിണിയാളുകളും അക്രമം കൊണ്ട് വ്യവസായികളെ നേരിടുന്നു
'ചെങ്കൊടി ഇന്ന് കേരളത്തിലെ ഓരോ വ്യവസായിക്കും പേടിസ്വപ്നമാണ്. വ്യവസായ സൗഹൃദ കേരളം എന്നല്ല വ്യവസായം ഇല്ലാ കേരളം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്'
കോട്ടയം: കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയും സി ഐ ടി യുവും തമ്മിലുണ്ടായ പ്രശ്നങ്ങൾക്കിടെ ബസ് ഉടമയെ മർദ്ദിച്ച് സംഭവത്തിൽ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. പിണറായി സർക്കാർ കൊട്ടിഘോഷിക്കുന്ന വ്യവസായ സൗഹൃദം കാരണം നാട്ടിലെ വ്യവസായികളൊക്കെ ജീവനും കയ്യിൽപ്പിടിച്ച് ഓടേണ്ട അവസ്ഥയിൽ എത്തിയെന്ന് സുരേന്ദ്രൻ വിമർശിച്ചു. കോടതിവിധി സമ്പാദിച്ച് ബസ് സർവീസ് തുടങ്ങാൻ എത്തിയ സംരംഭകനെ സി പി എം സി ഐ ടി യു ഗുണ്ടകൾ മർദ്ദിക്കുകയും ചെയ്യ്ത കാഴ്ച, പിണറായി സർക്കാരിന്റെ ഭരണം ഈ നാട്ടിലെ വ്യവസായികളോട് എന്ത് സമീപനമാണ് സ്വീകരിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. പൊറുതി മുട്ടി പ്രതികരിച്ച ജനങ്ങളെ നിയമത്തെയും, കോടതിയെയും ബഹുമാനിക്കാതെ അക്രമം കൊണ്ട് നേരിടുകയാണ് പിണറായിയും പിണിയാളുകളുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
സുരേന്ദ്രന്‍റെ കുറിപ്പ്
പിണറായി സർക്കാർ കൊട്ടിഘോഷിക്കുന്ന വ്യവസായ സൗഹൃദം കാരണം നാട്ടിലെ വ്യവസായികളൊക്കെ ജീവനും കയ്യിൽപ്പിടിച്ച് ഓടേണ്ട അവസ്ഥയിൽ എത്തി. ഒരു വ്യവസായി പോലും ഇല്ലാത്ത നാടായി കേരളത്തെ മാറ്റാൻ കരാർ എടുത്തിരിക്കുകയാണ് സി പി ഐ എമ്മും സി ഐ ടി യുവും. കോടതിയും നിയമവും ഒന്നും ഇക്കൂട്ടർക്ക് ബാധകം അല്ല. പൊറുതി മുട്ടി പ്രതികരിച്ച ജനങ്ങളെ നിയമത്തെയും, കോടതിയെയും ബഹുമാനിക്കാതെ അക്രമം കൊണ്ട് നേരിടുകയാണ് പിണറായിയും പിണിയാളുകളും. നിസ്സാര കാര്യങ്ങൾ പറഞ്ഞ് ഒരു ബസിന്റെ സർവീസ് മുടക്കുകയും, കോടതിവിധി സമ്പാദിച്ച് ബസ് സർവീസ് തുടങ്ങാൻ എത്തിയ സംരംഭകനെ സി പി എം സി ഐ ടി യു ഗുണ്ടകൾ മർദ്ദിക്കുകയും ചെയ്യുന്ന കാഴ്ച, പിണറായി സർക്കാരിന്റെ ഭരണം ഈ നാട്ടിലെ വ്യവസായികളോട് എന്ത് സമീപനമാണ് സ്വീകരിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന ആഭ്യന്തര വകുപ്പും, പൊലീസും നോക്കി നിൽക്കെയാണ് ഈ അക്രമമെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ചെങ്കൊടി ഇന്ന് കേരളത്തിലെ ഓരോ വ്യവസായിക്കും പേടിസ്വപ്നമാണ്. വ്യവസായ സൗഹൃദ കേരളം എന്നല്ല വ്യവസായം ഇല്ലാ കേരളം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...