രജിത്തിന് സ്വീകരണം: അറസ്റ്റിലായവരുടെ എണ്ണം 13; രജിത്ത് ഒളിവില്‍ തന്നെ
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
എറണാകുളം: ബിഗ് ബോസ് മൽസരാർഥി രജിത് കുമാറിന് നെടുന്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തിൽ 75 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് ഇവരിൽ അൻപതോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അതേ സമയം രജിത്ത് കുമാര്‍ ഒളിവില്‍ തന്നെയാണ് എന്നാണ് പൊലീസിന്‍റെ നിഗമനം
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
കൊച്ചിയില്‍ കോവിഡ് 19 അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ വാക്കുകള്‍...രജിത്തിന് സ്വീകരണം കൊടുത്ത സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. നമ്മുക്ക് വലിയ നാണക്കേടാണ് ഈ സംഭവം ഉണ്ടാക്കിയത്. കേസ് എടുത്ത പൊലീസിന് രജിതിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണ് എന്നാണ് മനസിലാക്കുന്നത്. രാജ്യം മുഴുവനും കൊറോണയ്ക്കെതിരെ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ് അതിനിടയിലാണ് ചിലര്‍ ഇങ്ങനത്തെ കൂത്താട്ടവും കോമാളിത്തരവും കാണിക്കുന്നത്.
ഇതൊക്കെ വളരെ അപാഹസ്യമാണ്,
വളരെ പെട്ടെന്നാണ് അവര്‍ അവിടെ ആളുകളെ സംഘടിപ്പിക്കുകയും മുദ്രാവാക്യം വിളിച്ചു സ്വീകരണം നല്‍കിയതും. ഇതൊന്നും അംഗീകരിക്കാനാവില്ല. നല്ല മനസുള്ളവര്‍ക്കൊന്നും കൊറോണ വരില്ലെന്നും മറ്റും രജിത് കുമാര്‍ പറഞ്ഞ കാര്യവും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇന്നലെ രാത്രിയില്‍ വിമാനത്താവളത്തിലെ സംഭവം അറിഞ്ഞപ്പോള്‍ തന്നെ എറണാകുളം ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. പിന്നീട് ഞാനും കളക്ടറുമായും പൊലീസുദ്യോഗസ്ഥരുമായും സംസാരിച്ചു. ഇക്കാര്യത്തില്‍ ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.
പത്ത് മിനിറ്റ് കൊണ്ടാണ് ഇത്രയും പേര്‍ അവിടെ സംഘടിച്ചത്. സിയാലിന്‍റെ എംഡിയുമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട് വിമാനത്താവളത്തിനകത്ത് വച്ച് ജീവനക്കാര്‍ രജിത് കുമാറിനൊപ്പം സെല്‍ഫി എടുത്തതടക്കം സിയാലിന്‍റെ ഭാഗത്ത് എന്തെങ്കിലും വീഴ്ച വന്നോ എന്ന് പരിശോധിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.