Asianet News MalayalamAsianet News Malayalam

ന്യൂനമർദ്ദ പാത്തി; 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക്

കണ്ണൂർ, കാസർഗോഡ്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

IMD warns of high wind warning for fishermen and kerala coastal areas latest rain update details
Author
First Published Jul 25, 2024, 3:40 PM IST | Last Updated Jul 25, 2024, 4:01 PM IST

തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കണ്ണൂർ, കാസർഗോഡ്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ  രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.2 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരള - ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.

ലക്ഷദ്വീപ്, കർണാടക തീരങ്ങൾക്കും  ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

25.07.2024 & 26.07.2024: വടക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
25.07.2024 മുതൽ 28.07.2024 വരെ: കർണാടക തീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം

തെക്കൻ തമിഴ്‌നാട്, കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിലും ബംഗാൾ ഉൾക്കടലിലെയും, അറബിക്കടലിലെയും മറ്റു ചില സമുദ്രഭാഗങ്ങളിലും അടുത്ത 5 ദിവസത്തേക്ക് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല

Read More : കനത്ത മഴയും മണ്ണിടിച്ചിലും; മരിച്ചത് 229 പേർ, നിരവധി പേരെ കാണാനില്ല, കണ്ണീരണിഞ്ഞ് എത്യോപ്യ

Latest Videos
Follow Us:
Download App:
  • android
  • ios