സംസ്ഥാനത്ത് കൊവിഡ് മരണം രേഖപ്പെടുത്താൻ വൻ കാലതാമസം; വരുന്നത് മൂന്നാഴ്ച്ച വരെ മുൻപുള്ള കണക്കുകൾ

മരണം കുറച്ച് കാണിക്കുന്നുവെന്ന വിമർശനം ഉയർന്ന പാലക്കാട്, ഒരാഴ്ച്ച മുമ്പുണ്ടായ 30 മരണങ്ങളാണ് ഒറ്റദിവസത്തെ പട്ടികയിൽ ഉൾപ്പെടുത്തിയത്. 

Huge delay for reporting covid deaths in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വൻ കാലതാമസം. മരണസംഖ്യ കുത്തനെ ഉയർന്ന കഴിഞ്ഞ ദിവസങ്ങളിലെ പട്ടികയിൽ ഏറെയും പത്ത് ദിവസം മുതൽ മൂന്നാഴ്ച്ച മുൻപ് വരെയുണ്ടായ മരണങ്ങളാണ്. മരണം കുറച്ച് കാണിക്കുന്നുവെന്ന വിമർശനം ഉയർന്ന പാലക്കാട്, ഒരാഴ്ച്ച മുമ്പുണ്ടായ 30 മരണങ്ങളാണ് ഒറ്റദിവസത്തെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കാസർഗോഡ് 71കാരൻ മരിച്ച ദിവസമേതാണെന്ന് പോലും പട്ടികയിലില്ല.

23-ാം തിയതിയിലെ പട്ടികയിൽ എറണാകുളത്ത് ഒന്നാം തിയതി മരിച്ച 65കാരി, മൂന്നാം തിയതി മരിച്ച 64കാരൻ, പാലക്കാട് ആറാം തിയതി മരിച്ച 74കാരൻ എന്നിവരും ഉള്‍പ്പെടുന്നു. 23-ാം തിയതിയിലെ 23 മരണം ഇത്തരത്തിൽ പത്ത് ദിവസം പഴക്കമുള്ളതാണ്. കാസർഗോഡ് മരിച്ച 71കാരൻ മരിച്ച ദിവസമേതാണെന്ന് പോലും പട്ടികയിലില്ല. ഇനി ഇരുപത്തിരണ്ടാം തിയതിയിലെ പട്ടികയിൽ കൊല്ലത്ത് ഒന്നാം തിയതി മരിച്ച 71കാരി, അഞ്ചിനും ആറിനും ഏഴിനും മരിച്ചവർ അടക്കം 16 പേരുടെ മരണവും നടന്നത് റിപ്പോർട്ട് ചെയ്തതിനും പത്ത് ദിവസം മുൻപാണ്. സർക്കാർ കണക്കുകളും ശ്മശാനങ്ങളിലെത്തുന്ന മൃതദേഹങ്ങളുടെ എണ്ണവും പൊരുത്തപ്പെടുന്നില്ലെന്ന വിമർശനമുയർന്ന പാലക്കാട് ജില്ലയില്‍ 22-ാം തിയതി പട്ടികയിൽ ഉൾപ്പെടുത്തിയ 30 മരണങ്ങളും നടന്നത് റിപ്പോർട്ട് ചെയ്തതിനും ഒരാഴ്ച്ച മുമ്പാണ്. പരിശോധിച്ച് ഫലമറിയാൻ പരമാവധി രണ്ട് ദിവസം പോലും എടുക്കില്ലെന്നിരിക്കെയാണ് 20 ദിവസത്തിലധികം വൈകിയുള്ള പട്ടികയിൽ ഉൾപ്പെടുത്തൽ.

സംശയമുള്ളവ പരിശോധിച്ച് സ്ഥിരീകരിക്കാനെടുക്കുന്ന കാലതാമസമാണ് പ്രശ്നമെന്നാണ് വകുപ്പ് വിശദീകരിക്കുന്നത്. കൊവിഡ് മരണക്കണക്കിൽ ജില്ലകൾ തമ്മിലുള്ള അന്തരവും ശ്രദ്ധേയമാണ്. രണ്ടാം തരംഗം രൂക്ഷമായ മെയ് മാസത്തിൽ എല്ലാ ജില്ലകളിലും മരണസംഖ്യ ഉയർന്നപ്പോൾ കാസർഗോഡ് മിക്ക ദിവസങ്ങളിലും ഒറ്റ മരണം പോലുമില്ല. 17 ദിവസത്തിനിടെ 8 മരണം മാത്രമാണ് പട്ടികയില്‍ ഉള്ളത്. എന്നാൽ മെയ് മാസത്തിൽ തിരുവനന്തപുരത്ത് മാത്രം മരണം നാനൂറ് കടന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios