Asianet News MalayalamAsianet News Malayalam

'ഇനി ഗ്യാസ് സിലിണ്ടർ കിട്ടിയില്ലെങ്കിലോയെന്ന് പേടിച്ച് വന്നതാ': മസ്റ്ററിംഗ് സിമ്പിൾ, ഗ്യാസ് ഏജൻസികളിൽ തിരക്ക്

അവസാന തിയ്യതി പറഞ്ഞിട്ടില്ലെങ്കിലും എത്രയും വേഗം മസ്റ്ററിംഗ് പൂർത്തിയാക്കാൻ ആണ് വിതരണ കമ്പനികളിൽ നിന്നുള്ള നിർദേശമെന്ന് ഗ്യാസ് ഏജൻസി പ്രതിനിധികൾ പറഞ്ഞു.

how to do gas connection mustering rush in gas agencies can do online too all you need to know
Author
First Published Jul 2, 2024, 12:01 PM IST

കൊച്ചി: മസ്റ്ററിംഗിനായി ഗ്യാസ് ഏജൻസികളിൽ തിരക്കേറുന്നു. എല്‍പിജി ഗ്യാസ് സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം ആണെന്ന വിവരം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരെ ഓർമിപ്പിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ അറിഞ്ഞതോടെ ഒട്ടേറെ പേരാണ് ഏജൻസികളിൽ നേരിട്ട് എത്തി ആണ് ബയോ മെട്രിക് രജിസ്റ്റർ ചെയ്യുന്നത്. അവസാന തിയ്യതി പറഞ്ഞിട്ടില്ലെങ്കിലും എത്രയും വേഗം മസ്റ്ററിംഗ് പൂർത്തിയാക്കാൻ ആണ് വിതരണ കമ്പനികളിൽ നിന്നുള്ള നിർദേശമെന്ന് ഏജൻസി പ്രതിനിധികൾ പറഞ്ഞു.

എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാനാണ് മസ്റ്ററിംഗ് നിർബന്ധമാക്കിയിരിക്കുന്നത്. ആധാർ വിവരങ്ങൾ എൽപിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ വൈ സി അഥവാ മസ്റ്ററിംഗ്. ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയും കയ്യിൽ വേണം. ഒപ്പം ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത നമ്പറും. ഇത് വഴി സർക്കാർ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകൾ തടയാനുമാണ് ലക്ഷ്യമിടുന്നത്.

ഇന്ധന കമ്പനികൾ മസ്റ്ററിംഗ് നടപടികൾ തുടങ്ങിയിട്ട് രണ്ട് മാസമായി. തുടക്കത്തിൽ തണുപ്പൻ പ്രതികരണമായിരുന്നു. മസ്റ്ററിംഗ് ക്യാംപുകൾ നടത്തിയിട്ടും വലിയ പങ്കാളിത്തമില്ലായിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയിലുള്ളവർ മാത്രം മസ്റ്ററിംഗ് നടത്തിയാൽ മതിയെന്ന പ്രചാരണമാകാം ഇതിന് കാരണമെന്നാണ് ഇന്ധന കമ്പനികളുടെ നിഗമനം. ഇതോടെയാണ് അതങ്ങനെ അല്ല എന്ന് വ്യക്തമാക്കി ഇൻഡെൽ, ഭാരത്, എച്ച് പി കമ്പനികൾ രംഗത്തെത്തിയത്. എല്ലാ ഉപഭോക്താക്കളും എത്രയും വേഗം മസ്റ്ററിംഗ് നടത്തണം. ഉപഭോക്താവ് വിദേശത്തോ മരിച്ച് പോയതോ കിടപ്പ് രോഗിയോ എങ്കിൽ കണക്ഷൻ റേഷൻ കാർഡിലുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റണം. 

നേരിട്ടെത്താൻ കഴിയാത്തവർക്ക് ഇന്ധന വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം. കമ്പനികളുടെ മൊബൈൽ ആപ്പ്, ആ‌ധാർ ഫേസ് റെക്കഗിനേഷൻ ആപ്പ് എന്നിവ ഡൗൺലോഡ് ചെയ്യണം. നടപടികൾ ശരിയാണെങ്കിൽ മൊബൈലിലേക്ക് മെസേജ് എത്തും. മസ്റ്ററിംഗ് പൂർത്തിയാക്കേണ്ട അവസാന തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
 

Latest Videos
Follow Us:
Download App:
  • android
  • ios