പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി; 26 രോഗികളെ തിരിച്ചയച്ചു
അതേസമയം, വിദേശത്തുനിന്ന് ട്യൂബ് എത്തിക്കാൻ നടപടി തുടങ്ങിയെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കണ്ണൂര്‍: കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങി. ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച 26 രോഗികളെ തിരിച്ചയച്ചു. കാത് ലാബിലെ യന്ത്രത്തകരാറാണ് ചികിത്സ നിലയ്ക്കാൻ കാരണമായത്. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി പരിയാരം മെഡിക്കൽ കോളേജിൽ രണ്ട് തിയറ്ററുകളാണുള്ളത്. ഇത് രണ്ടും അടച്ചിട്ടിട്ട് ആറു മാസമായി. ഇതിനുപുറമേയാണിപ്പോൾ കാത്ത് ലാബ് പണിമുടക്കിയത്. ലാബിലെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതാണ് കാരണം. മാസങ്ങളായി ശസ്ത്രക്രിയയ്ക്കുള്ള തീയതികൾ നീട്ടിവെയ്ക്കാറാണ് പതിവ്. എന്നാൽ, കാത് ലാബ് പ്രവർത്തനരഹിതമായതോടെ ചികിത്സ തേടിയെത്തിയ 26 പേരെയും തിരിച്ചയച്ചു.
കാർഡിയോളജി വിഭാഗത്തിലെ 3 കാത്ത് ലാബുകളിലൊന്ന് കാലപ്പഴക്കത്താൽ മുൻപേ ഉപയോഗശൂന്യമായിരുന്നു. രണ്ടാമത്തെ ലാബാകട്ടെ എസി പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതോടെ പൂട്ടി. രണ്ടര വർഷം മുൻപ് ഉദ്ഘാടനം ചെയ്ത പുതിയ കാത്ത് ലാബാണിപ്പോൾ പ്രവർത്തനരഹിതമായത്. ഇതോടെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ്മേക്കർ ഘടിപ്പിക്കൽ തുടങ്ങിയവയൊക്കെ മുടങ്ങി. ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ പദ്ധതി എന്നിവയുള്ളതിനാൽ സാധാരണക്കാർ കൂടുതലായി ആശ്രയിക്കുക മെഡിക്കൽ കോളേജുകളെയാണ്. എന്നാലിവിടെയും രക്ഷയില്ലാക്ക അവസ്ഥയാണിപ്പോള്‍.
കേടായ ട്യൂബ് വിദേശത്ത് നിന്ന് കൊണ്ടുവരാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും ഈമാസം മുപ്പതോടെ കാത്ത് ലാബ് പ്രവർത്തിപ്പിക്കുമെന്നും തിയറ്ററുകൾ നവീകരണത്തിന്‍റെ ഭാഗമായാണ് അടച്ചിട്ടതെന്നും ഒരു മാസത്തിനുള്ളിൽ തുറക്കുമെന്നുമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരണം. എന്നാൽ, അടിയന്തരമായി ശസ്ത്രക്രിയ ചെയ്യേണ്ടവർക്ക് കാത്തു നിൽക്കാൻ സാധിക്കില്ല. വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയേ നിവർത്തിയുള്ളു.
പാപ്പാനെ ആന ചവിട്ടി കൊന്ന സംഭവം; സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു