ഇന്ത്യൻ വംശജ പ്രസിഡന്‍റായില്ല, പക്ഷേ അമേരിക്കയുടെ ചരിത്രത്തിലാധ്യമായി ഇന്ത്യൻ വംശജ സെക്കന്‍ഡ് ലേഡിയായി! ഉഷ

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഉഷ ചിലുകുരിയാണ് അമേരിക്കയുടെ സെക്കൻഡ് ലേഡിയാകുന്നത്

Who Is Usha Vance, 1st Indian-Origin Woman Set To Become Second Lady Of US

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറിയപ്പോൾ ഇന്ത്യൻ വംശജ ഇതാദ്യമായി പ്രസിഡന്‍റ് ആകുമോ എന്ന ചോദ്യമായിരുന്നു ഉയർന്നത്. വൈസ് പ്രസിഡന്‍റ് കമല ഹാരിസിലൂടെ അങ്ങനെയൊരു ചരിത്രം അമേരിക്കയിൽ പിറക്കുമെന്ന പ്രതീക്ഷകൾ ഇന്ന് അവസാനിച്ചിരിക്കുകയാണ്. എന്നാൽ കമലയെ പരാജയപ്പെടുത്തി ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് ചുവടുവയ്ക്കുമ്പോൾ മറ്റൊരു ചരിത്രം കൂടിയാണ് പിറക്കുന്നത്. അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായി ഇന്ത്യൻ വംശജ സെക്കൻഡ് ലേഡിയായിരിക്കുകയാണ്.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഉഷ ചിലുകുരിയാണ് അമേരിക്കയുടെ സെക്കൻഡ് ലേഡിയാകുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ഉറപ്പിച്ച ജെ ഡി വാന്‍സിന്റെ പത്‌നിയാണ് ഉഷ. വാന്‍സിന്റെ തിരഞ്ഞെടുപ്പ് പ്രചാരങ്ങളിലുടനീളം ഉഷയുടെ സാന്നിധ്യമുണ്ടായിരുന്നു. വിജയം ഉറപ്പിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ ജെ ഡി വാന്‍സിന്റെയും ഉഷയുടെയും പേരുകള്‍ ഡോണള്‍ഡ് ട്രംപ്  പ്രത്യേകം പരാമര്‍ശിച്ചു എന്നതും ശ്രദ്ധേയമാണ്. ജെ ഡി വാന്‍സ് വൈസ് പ്രസിഡന്‍റ് സ്ഥാനമേറ്റെടുക്കുമ്പോൾ അമേരിക്കയുലെ ആദ്യ ഇന്ത്യന്‍ വംശജയായ സെക്കന്‍ഡ് ലേഡി എന്ന ഖ്യാതിയാകും ഉഷക്ക് സ്വന്തമാകുക.

'പ്രതിരോധമടക്കം 3 കാര്യങ്ങളിൽ ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കും'! ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മോദി

ആന്ധ്രയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളാണ് ഉഷ. ദേശീയ സ്ഥാപനത്തിലെ നിയമ വിദഗ്ധയായ ജോലി ചെയ്യുന്ന ഉഷയുടെ അക്കാദമിക നേട്ടങ്ങളും അഭിമാനകരമാണ്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. സുപ്രീം കോടതി ജസ്റ്റിസുമാരായ ജോൺ റോബർട്ട്സിനും ബ്രെറ്റ് കവനോവിനും വേണ്ടി ക്ലർക്ക് ആയി നിയമരംഗത്ത് തിളങ്ങിയിട്ടുണ്ട്. പിന്നീട് ഉഷ സുപ്രീം കോടതിയിലെ ക്ലർക്കായും പ്രവർത്തിച്ചിട്ടുണ്ട്. യേൽ ജേണൽ ഓഫ് ലോ ആൻഡ് ടെക്നോളജിയുടെ മാനേജിംഗ് എഡിറ്ററായും ദി യേൽ ലോ ജേണലിൻ്റെ എക്സിക്യൂട്ടീവ് ഡെവലപ്‌മെൻ്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യേലിലെ നാല് വർഷത്തെ സേവനത്തിന് ശേഷം, കേംബ്രിഡ്ജിൽ ഗേറ്റ്സ് ഫെല്ലോ ആയി പഠനം തുടർന്നു. ഇവിടെ നിന്ന് രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു. കേംബ്രിഡ്ജിൽ ഇടതുപക്ഷ, ലിബറൽ ആശയങ്ങളോടായിരുന്നു അഭിമുഖ്യം. 2014 ൽ ഡെമോക്രാറ്റായി. യേൽ ലോ സ്കൂളിൽ വെച്ചാണ് ഉഷയും ജെ ഡി വാൻസും ആദ്യമായി കണ്ടുമുട്ടിയത്.

2014 ൽ കെൻ്റക്കിയിൽ വിവാഹിതരായി. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. വാൻസിന്റെ പ്രസിദ്ധമായ പുസ്തകം ഹിൽബില്ലി എലിജിക്കുവേണ്ടി വിവരങ്ങൾ സംഘടിപ്പിക്കാനും ഉഷ മുന്നിൽ നിന്നു. 2020-ൽ റോൺ ഹോവാർഡ് ഈ പുസ്തകം സിനിമയാക്കി. വാൻസിന്റെ രാഷ്ട്രീയ ജീവിതത്തിലും ഉഷ ശക്തമായ പിന്തുണ നൽകി.  2016-ലെയും 2022-ലെയും സെനറ്റ് പ്രചാരണങ്ങളിൽ സജീവമായിരുന്നു.  അപ്രതീക്ഷിതമായിട്ടാണ് യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡോണാൾഡ് ട്രംപ് വൈസ് പ്രസിഡൻ്റായി ജെഡി വാൻസിനെ പ്രഖ്യാപിച്ചത്. അതോടെ ഉഷയും താരമായി മാറുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios