Governor Exclusive : 'സംഘിയെന്ന് വിളിച്ചോട്ടെ, മുഖ്യമന്ത്രിക്ക് സർവകലാശാലയിൽ എന്ത് കാര്യം?'

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്ഥര്‍ക്ക് ഗവർണർ നല്‍കിയിരിക്കുന്നത്. 

Governor Arif Muhammed Khan Responds On Controversies About Universities

ദില്ലി/ തിരുവനന്തപുരം: സർവകലാശാലാ വിവാദത്തിൽ അണുവിടപോലും അയയാതെ ഗവർണർ (Governor Arif Muhammed Khan). സർവ്വകലാശാലകളിൽ മുഖ്യമന്ത്രിക്ക് (CM Pinarayi Vijayan) എന്ത് കാര്യമെന്ന് ഗവർണർ ചോദിക്കുന്നു. തന്നെ സംഘി എന്നു വിളിക്കുന്നവർ വിളിക്കട്ടെ. വിസി നിയമനത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഗവർണറുമായി ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജ്യണൽ ചീഫ് പ്രശാന്ത് രഘുവംശം നടത്തിയ വിശദമായ അഭിമുഖം കാണാം:

'തല' ഇല്ലാതെ സർവകലാശാലകൾ

ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കിയതോടെ

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്ഥര്‍ക്ക് ഗവർണര്‍ നല്‍കിയിരിക്കുന്നത്. ഇതിനിടെ വിസിയെ നിശ്ചയിക്കാനുള്ള പാനലില്‍ തന്‍റെ നോമിനിയെ മാറ്റണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് ആവശ്യപ്പെട്ടുവെന്ന ഗവർണറുടെ പരാമര്‍ശവും വിവാദമായി.

എട്ടാം തീയതിയാണ് ചാൻസിലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതിനിടയില്‍ നടന്ന അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണ്ണര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്. ചാൻസിലര്‍ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ തീരുമാനം പുനഃപരിശോധിക്കൂവെന്നാണ് ഗവര്‍ണ്ണര്‍ പറയുന്നത്. പക്ഷേ തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് .ഇതോടെ പ്രശ്നപരിഹാരം നീളുകയാണ്.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല. വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇതൊക്കെ തീര്‍പ്പാക്കേണ്ടത് ചാൻസിലറായ ഗവർണറാണ്. സര്‍വകലാശാലകളുടെ ഒരു ഫയലും സ്വീകരിക്കരുതെന്ന് ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഗവർണറെ അനുനയിപ്പിക്കാനുള്ള ഫോര്‍മുലകളൊന്നും തന്നെ സര്‍ക്കാരും മുന്നോട്ട് വയ്ക്കുന്നില്ല. 

ഇതിനിടയിലാണ് ഉന്നതവിദ്യാഭ്യസ മന്ത്രിക്കെതിരായ ഗവര്‍ണ്ണറുടെ പരാമര്‍ശം വിവാദത്തിലായത്.കണ്ണൂര്‍ വിസി നിയമനത്തില്‍ സര്‍ക്കാരിന്‍റെ നോമിനിയെ ഗവർണറുടെ നോമിനിയായി അവതരിപ്പിക്കണമെന്ന് സെര്‍ച്ച് കമ്മിറ്റിയില്‍ മന്ത്രി ആവശ്യപ്പെട്ടെന്നാണ് ആരോപണം.

നേരത്തെ കണ്ണൂര്‍ വിസിക്ക് പുനര്‍ നിയമനം നല്‍കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് ഗവർണറോട് ആവശ്യപ്പെട്ടതെന്നും മന്ത്രി രാജി വയ്ക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വിസിക്ക് പുനര്‍ നിയമനം നല്‍കാൻ മന്ത്രിയാണ് ആവശ്യപ്പെട്ടതെങ്കില്‍ അത് സത്യപ്രതിജ്ഞാ ലംഘനമായി മാറി മന്ത്രിക്ക് തന്നെ കുരുക്കാകാനും സാധ്യതയുണ്ട്.

ഗവർണറെ പ്രകോപിപ്പിച്ചത് കാലടി വിസി നിയമനം?

ഗവർണറുടെ ആരോപണത്തിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടിയുമായി മുഖ്യമന്ത്രിയും എത്തിയതോടെ സർവകലാശാല വിസി നിയമനത്തിൽ പോരു കടുക്കുകയാണ്. കാലടി വിസി നിയമനത്തിൽ സർവകലാശാല ചട്ടം മറയാക്കി ഇഷ്ടക്കാരെ നിയമിക്കാൻ സർക്കാർ ശ്രമിച്ചതാണ് ഗവർണറെ ഏറ്റവുമൊടുവിൽ പ്രകോപിച്ചതെന്നാണ് സൂചന. എന്നാൽ ഒരാളുടെ പേരു പറയാൻ ഗവർണറാണ് ആവശ്യപ്പെട്ടതെന്ന മുഖ്യമന്ത്രിയുടെ മറുപടി സാങ്കേതികമായി മാത്രമാണെന്നും വിലയിരുത്തലുണ്ട്.

വൈസ് ചാൻസലറെ കണ്ടെത്താനായി സർക്കാർ നിയോഗിച്ച സെർച്ച് കമ്മിറ്റിയ്ക്ക് 2 മാസമാണ് കാലാവധി. ഈ കാലാവധിക്കുളളിൽ നടപടി പൂ‍ർത്തിയാക്കിയില്ലെങ്കിൽ സർക്കാരിന് ഗവർണറുമായി ആലോചിച്ച് ഇഷ്ടമുളളയാളെ നിയമിക്കാം എന്നാണ് കാലടി സർവകലാശാല ചട്ടം. ഇതിന്‍റെ മറ പിടിച്ച് സെർച്ച് കമ്മിറ്റിയുടെ നടപടികൾ പ്രഹസനമാക്കിയെന്നാണ് ഗവർണറുടെ ഓഫീസിന്‍റെ വിമർശനമെന്നാണ് സൂചന. 

ഏഴുപേരെ അഭിമുഖത്തിന് വിളിച്ച സേർച്ച് കമ്മിറ്റിയിൽ കാലിക്കറ്റ് സർവകലാശാലയിലെ ഗീതാകുമാരിയുടെ പേരാണ് യുജിസി പ്രതിനിധി മുന്നോട്ട് വെച്ചത്. സംസ്കൃത പ്രാവീണ്യമുണ്ടെന്നായിരുന്നു പ്ലസ് പോയിന്‍റ്. മൂന്നു പേരുടെ പാനലുണ്ടാക്കി സേർച്ച് കമ്മിറ്റി ഗവർണർക്ക് പട്ടിക സമർപ്പിക്കണമെന്നാണ് യുജിസി ചട്ടം. എന്നാൽ ഗീതാ കുമാരിക്ക് ബിജെപി ബന്ധമുണ്ടെന്ന കാരണത്താൽ പാനൽ ലിസ്റ്റുമായി മുന്നോട്ടുപോകാൻ സർക്കാരിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതോടെയാണ് എം വി നാരായണന്‍റെ പേര് മാത്രം ശുപാർശ ചെയ്ത് സർക്കാർ ഗവർണറെ സമീപിച്ചത്. ഇത്തരം ഘട്ടങ്ങളിൽ ഗവർണറുമായി ആലോചിച്ച് തീരുമാനമെടുക്കാം എന്ന സർവകലാശാല ചട്ടം തന്നെയായിരുന്നു സർക്കാരിന്‍റെ തുറുപ്പു ചീട്ട്. 
എന്നാൽ സെർച്ച് കമ്മിറ്റി ചേർന്നെന്നും അഭിമുഖം നടത്തിയെന്നും അറിഞ്ഞതോടെയാണ് ഗവർണർ ഇടഞ്ഞതെന്നാണ് സൂചന. സംസ്കൃത സർവകലാശാലയുടെ തലപ്പത്ത് സംസ്കൃത പ്രാവീണ്യമുളളയാൾ വരണമെന്നായിരുന്നു ഗവർണർക്കും താത്പര്യം. ഇതാണ് കത്തെഴുത്തിലേക്കും പൊട്ടിത്തെറിയിലേക്കും വഴിവെച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios