Asianet News MalayalamAsianet News Malayalam

ഓണത്തോടനുബന്ധിച്ച്‌ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സർക്കാർ; തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1000 രൂപ ഉത്സവബത്ത

 അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്കും ഓണത്തോടനുബന്ധിച്ച്‌ 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. 

Government announces emoluments for various sectors including MNREG workers who will get 1000 rupees each
Author
First Published Sep 9, 2024, 5:53 PM IST | Last Updated Sep 9, 2024, 5:53 PM IST

തിരുവനന്തപുരം: ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണം ഉത്സവബത്തയായി 1000 രൂപ വീതം ലഭിക്കും. ഇതിനായി സംസ്ഥാന സർക്കാർ 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്കാണ്‌ ഉത്സവബത്ത അനുവദിച്ചത്‌.  അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്കും ഓണത്തോടനുബന്ധിച്ച്‌ 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5929 തൊഴിലാളികൾക്കാണ്‌ ബത്ത ലഭിക്കുന്നത്. 
 
കയർ സ്ഥാപനങ്ങൾക്ക്‌  വിപണി വികസന ഗ്രാന്റ്‌ 19 കോടി
തിരുവനന്തപുരം: സർക്കാർ, സഹകരണ കയർ ഉൽപന്ന സ്ഥാപനങ്ങൾക്ക്‌ വിപണി വികസന ഗ്രാന്റിനത്തിൽ 10 കോടി രൂപ അനുവദിച്ചു. കയർ മാറ്റ്‌സ്‌ ആൻഡ്‌ മാറ്റിങ്‌സ്‌ സംഘങ്ങൾ, ഫോം മാറ്റിങ്‌സ്‌ ഇന്ത്യ ലിമിറ്റഡ്‌, സംസ്ഥാന കയർ കോർപറേഷൻ,  കയർഫെഡ്‌ എന്നിവയ്‌ക്കാണ്‌ തുക അനുവദിച്ചത്‌. ഇവയുടെ തൊഴിലാളികൾക്ക്‌ ഓണക്കാല ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ ഗ്രാന്റ്‌ സഹായിക്കും. വിപണി വികസനത്തിന്‌ കേന്ദ സർക്കാർ സഹായം ആറുവർഷമായി മുടങ്ങിയ സാഹചര്യത്തിലാണ്‌ സംസ്ഥാനം ഓണക്കാല സഹായം ഉറപ്പാക്കുന്നത്‌.

പൂട്ടികിടക്കുന്ന സ്വകാര്യ കയർ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക്‌ എക്‌സ്‌ഗ്രേഷ്യ 2000 രൂപ

തിരുവനന്തപുരം: പൂട്ടികിടക്കുന്ന സ്വകാര്യ കയർ വ്യവസായ സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക്‌ 2000 രൂപവീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. 10,732 തൊഴിലാളികൾക്ക്‌ സഹായം ലഭിക്കും. 100 ക്വിന്റലിന്‌ താഴെ കയർ പിരിച്ചിരുന്ന പുട്ടിപ്പോയ സംഘങ്ങളിലെ തൊഴിലാളികൾക്കാണ്‌ ഓണക്കാല സഹായത്തിന്‌ അർഹത. ഇതിനായി 2.15 കോടി രൂപ അനുവദിച്ചു. 

സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക്‌ 19.81 കോടി
തിരുവനന്തപുരം: ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക്‌ പ്രതിഫലം നൽകാനായി 19.81 കോടി രുപ അനുവദിച്ചു. ഒമ്പതിനായിരത്തോളം ഏജന്റുമാർക്കാണ്‌ ഒരു ഗഡു പ്രതിഫലം ലഭിക്കുന്നത്‌.

കയർ തൊഴിലാളികൾക്ക് ബോണസ്‌: കയർ കോർപറേഷന്‌ 10 കോടി
തിരുവനന്തപുരം: പരമ്പരാഗത കയർ ഉൽപന്നങ്ങൾ ശേഖരിച്ചതിന്റെ വില വിതരണം ചെയ്യാനായി സംസ്ഥാന കയർ കോർപറേഷന്‌ സർക്കാർ 10 കോടി രൂപ അനുവദിച്ചു. ചെറുകിട കയർ സംഘങ്ങളിൽനിന്ന്‌ ശേഖരിച്ച പരമ്പരാഗത ഉൽപന്നങ്ങളുടെ വില നൽകാൻ തുക വിനിയോഗിക്കും. ചെറുകിട സംഘങ്ങളുടെ ബോണസ്‌ വിതരണത്തിന്‌ ഇത്‌ സഹായമാകും. 

കൈത്തറി യൂണിഫോം പദ്ധതിക്ക്‌ 30 കോടി രുപ
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച്‌ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിക്കായി 30 കോടി രൂപ അനുവദിച്ചു. സർക്കാർ, എയഡഡ്‌ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികൾക്ക്‌ സൗജന്യ യൂണിഫോം നെയ്‌തു നൽകിയ കൈത്തറി തൊഴിലാളികൾക്ക്‌ കൂലി വിതരണത്തിനായാണ്‌ തുക ലഭ്യമാക്കിയത്‌. 

അങ്കണവാടി സേവനങ്ങൾക്കായി 87.13 കോടി
തിരുവനന്തപുരം: അങ്കണവാടി സേവന പദ്ധതികൾക്കായി 87.13 കോടി രുപ അനുവദിച്ചു. പൊതു, പട്ടിക വിഭാഗ സേവനങ്ങൾക്കായാണ്‌ തുക ലഭ്യമാക്കിയത്‌. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios