Asianet News MalayalamAsianet News Malayalam

ഇങ്ങനെയൊന്ന് രാജ്യത്ത് ആദ്യമെന്ന് ഗണേഷ് കുമാർ; ഇനി തോന്നുംപോലെ പണം വാങ്ങനാവില്ല, ആംബുലൻസ് നിരക്കിൽ തീരുമാനം

10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐ സി യു, വെന്‍റിലേറ്റർ സൗകര്യമുള്ള ഡി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. 

Ganesh Kumar said that this is the first time in the country Uniform ambulance charges implemented
Author
First Published Sep 24, 2024, 6:01 PM IST | Last Updated Sep 24, 2024, 6:01 PM IST

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. തിരുവനന്തപുരത്ത് ആംബുലൻസ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐ സി യു, വെന്‍റിലേറ്റർ സൗകര്യമുള്ള ഡി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. 

തുടർന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ഒരു മണിക്കൂറിന് വെയിറ്റിങ് ചാർജ് 350 രൂപയുമായിരിക്കും. ടെക്നീഷ്യൻ, ഡോക്ടർ എന്നിവരുടെ സേവനം ആംബുലൻസിൽ ലഭിക്കും. ട്രാവലർ ആംബുലൻസുകൾ എസി, ഓക്സിജൻ സൗകര്യമുള്ള സി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം ചാർജ് 1,500 രൂപയും വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റർ നിരക്ക് 40 രൂപയുമായിരിക്കും. ബി വിഭാഗത്തിലുള്ള നോൺ എ.സി ട്രാവലർ ആംബുലൻസുകൾക്ക് മിനിമം നിരക്ക് 1,000 രൂപയും വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റർ നിരക്ക് 30 രൂപയുമായിരിക്കും. 

ഓമ്നി, ഈക്കോ, ബോലേറോ തുടങ്ങിയ ആർടിഒ അംഗീകരിച്ച എസിയുള്ള എ വിഭാഗത്തിലുള്ള ആംബുലൻസുകൾക്ക് മിനിമം നിരക്ക് 800 രൂപയും വെയ്റ്റിങ് ചാർജ് 200 രൂപയും കിലോമീറ്റർ നിരക്ക് 25 രൂപയുമായിരിക്കും. ഇതേ വിഭാഗത്തിലെ നോൺ എസി വാഹനങ്ങൾക്ക് മിനിമം ചാർജ് 600 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും കിലോമീറ്റർ നിരക്ക് 20 രൂപയുമായിരിക്കും. വെന്റിലേറ്റർ സി, ഡി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകളിൽ ബി.പി.എൽ കാർഡുടമകൾക്ക് 20 ശതമാനം നിരക്ക് കുറവ് നൽകാമെന്ന് ആംബുലൻസ് ഉടമകൾ അറിയിച്ചിട്ടുണ്ട്.

കാൻസർ രോഗികൾ, 12 വയസിൽ താഴെയുള്ള രോഗാവസ്ഥയിലുള്ള കുട്ടികൾ എന്നിവർക്ക് കിലോമീറ്ററിന് 2 രൂപ വീതം കുറവും നൽകാൻ തയാറായിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ല എന്ന് യോഗത്തിൽ ആംബുലൻസുടമകൾ ഗവൺമെന്റിനെ അറിയിച്ചു. ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും ഐഡി കാർഡും മോട്ടോർ വാഹന വകുപ്പ് നൽകും. 

ആംബുലൻസ് ഡ്രൈവർമാർക്ക് നേവി ബ്ലൂ ഷർട്ടും കറുത്ത പാന്റുമായിരിക്കും യൂണിഫോം. ഡ്രൈവിംഗിൽ കൂടുതൽ പ്രായോഗിക പരിശീലനമായിരിക്കും നൽകുക. ആംബുലൻസ് താരിഫുകൾ രോഗിയോടൊപ്പമുള്ളവർക്ക് കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കും. ആംബുലൻസ് പരിഹാരത്തിന് നിലവിലുള്ള 9188961100 എന്ന നമ്പറിനൊപ്പം പ്രത്യേക വാട്സ്ആപ്പ് നമ്പരുകളും നിലവിൽ വരും. ആംബുലൻസുകളിൽ ലോഗ് ബുക്കുകൾ സൂക്ഷിക്കുന്നത് കർശനമാക്കുന്നതിലൂടെ പരമാവധി ദുരുപയോഗം തടയാനാണ് ശ്രമിക്കുന്നത്. ഗതാഗത വകുപ്പ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആംബുലൻസ് ഉടമകളുമായും നടത്തിയ ചർച്ചയിൽ പങ്കെടുത്തതായും മന്ത്രി അറിയിച്ചു.

നൊമ്പരമായി അർച്ചന; ഭർത്താവിന്‍റെ ബന്ധുവിനായി കരൾ പകുത്ത് നൽകി, 33 കാരിയുടെ മരണത്തിൽ തകര്‍ന്ന് കുടുംബം

മുടപ്പക്കാട്ടെ വീട്ടിൽ നിന്ന് പിടികൂടിയ മൂർഖന്‍റെ വയർ വീർത്ത നിലയിൽ; പുറത്തേക്ക് തുപ്പിയത് 16 കോഴിമുട്ട!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios