സീറ്റ് ചരിച്ച് വെയ്ക്കുന്നതിനെച്ചൊല്ലി വിമാനത്തിനകത്ത് തെറി വിളിയും കൈയാങ്കളിയും; ദമ്പതികളെ വിലക്കി കമ്പനി
മുന്നിലുള്ള സീറ്റിന്റെ പിറകുവശത്തായി സജ്ജീകരിച്ചിരിക്കുന്ന സ്ക്രീൻ കാണാൻ കഴിയുന്നില്ലെന്നതായിരുന്നു മദ്ധ്യവയസ്കരായ ദമ്പതികളുടെ പ്രശ്നം.
ഹോങ്കോങ്: വിമാനത്തിൽ വഴക്കുണ്ടാക്കുകയും സഹയാത്രക്കാരെ തെറി വിളിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ ദമ്പതികൾക്ക് യാത്രാ വിലക്കേർപ്പെടുത്തി വിമാന കമ്പനി. കാതി പസഫിക് എയർലൈനാണ് ഹോങ്കോങ് സ്വദേശികളായ മദ്ധ്യവയസ്കർക്കെതിരെ നടപടി സ്വീകരിച്ചതായി അറിയിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കിയത്. വിമാന യാത്രയിൽ നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ചുകൊണ്ട് ഒരു ചൈനീസ് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വലിയ ജനശ്രദ്ധ ആകർഷിച്ചതോടെയാണ് കമ്പനി നടപടി സ്വീകരിച്ചതായി അറിയിച്ച് രംഗത്തെത്തിയത്.
യാത്രയ്ക്കിടെ യുവതി സീറ്റ് ചരിച്ചുവെച്ചതാണ് തൊട്ടുപിന്നിൽ ഇരിക്കുകയായിരുന്ന ദമ്പതികളെ പ്രകോപിപ്പിച്ചത്. സീറ്റിന് മുന്നിലുള്ള സ്ക്രീൻ കാണാൻ കഴിയുന്നില്ലെന്നും സീറ്റ് നിവർത്തി വെയ്ക്കണമെന്നും യുവതിയോട് ഇവർ ആവശ്യപ്പെട്ടു. എന്നാൽ യുവതി ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പിന്നിലിരുന്ന സ്ത്രീ തന്റെ കാൽ യുവതിയുടെ സീറ്റിന്റെ ആം റെസ്റ്റിന് മുകളിൽ വെച്ചു. പിന്നാലെ അസഭ്യവർഷവും തുടങ്ങി. അശ്ലീല ആംഗ്യം കാണിച്ചും തെറി വിളിച്ചും അൽപനേരം മുന്നോട്ട് പോയപ്പോൾ അതുവരെ പിന്നിൽ വെറുതെയിരിക്കുകയായിരുന്ന അവരുടെ ഭർത്താവ് സീറ്റിന് പിറകിൽ നിന്ന് തള്ളാൻ തുടങ്ങിയതായി യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വിശദീകരിക്കുന്നു. സ്ത്രീ യുവതിയുടെ കൈയിൽ അടിക്കുകയും ചെയ്തു.
ഇതിനിടെ വിമാനം യുവതി ജീവനക്കാരോട് വിവരം പറഞ്ഞപ്പോൾ, സീറ്റ് നിവർത്തി വെയ്ക്കാനായിരുന്നു അവരുടെയും നിലപാട്. ഭക്ഷണം കഴിക്കാനുള്ള സമയമല്ലെന്നിരിക്കെ താൻ എന്തിന് ഇത്തരം ആവശ്യത്തിന് വഴങ്ങണമെന്ന് ചോദിച്ച് യുവതി ജീവനക്കാരെയും ചോദ്യം ചെയ്തു. ഇതോടെ മറ്റ് യാത്രക്കാരും പ്രശ്നത്തിൽ ഇടപെട്ടു. യുവതിയെ അപമാനിക്കരുതെന്നും മറ്റുള്ളവരോട് അപമര്യാദയായി പെരുമാറരുതെന്നും യാത്രക്കാർ ദമ്പതികളോട് ആവശ്യപ്പെട്ടു. യാത്രയ്ക്ക് ശേഷം യുവതി ഇക്കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ ദമ്പതികളെ തങ്ങളുടെ വിമാനങ്ങളിൽ നിന്ന് വിലക്കിയെന്ന് കമ്പനി അറിയിക്കുകയായിരുന്നു. അതേസമയം യാത്രയ്ക്കിടെ സീറ്റ് ചരിച്ചുവെയ്ക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം