കോഴിക്കോട് ജില്ലയില്‍ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ നാല് പേര്‍ക്ക് കൂടി കൊവിഡ്
തലശ്ശേരി ജനറല്‍ ആശുപത്രി ജീവനക്കാരികളായ രണ്ട് പേരുള്‍പ്പടെ നാല് പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട്: ആരോഗ്യ പ്രവർത്തകൾ ഉൾപ്പെടെ കോഴിക്കോട് ജില്ലക്കാരായ നാല് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രി ജീവനക്കാരികളായ ചോമ്പാല സ്വദേശിനി (48), മടപ്പള്ളി സ്വദേശിനി (53) എന്നിവര്‍ക്കും മെയ് 21 ന് ചെന്നൈയില്‍ നിന്നെത്തിയ ഓര്‍ക്കാട്ടേരി സ്വദേശി (56) ക്കും മെയ് 21 ന് ദില്ലി- തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിനില്‍ വന്ന, മുബൈയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ബാലുശ്ശേരി വട്ടോളി സ്വദേശി (29) ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലായിരുന്ന ആദ്യത്തെ രണ്ട് പേര്‍ ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലാണ് ചികിത്സയിലുള്ളത്. ഓര്‍ക്കാട്ടേരി സ്വദേശി (56) മെയ് 21 ന് ചെന്നൈയില്‍ നിന്ന് സ്വന്തം വാഹനത്തില്‍ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കാണ് എത്തിയത്. ഇപ്പോള്‍ അവിടെ ചികിത്സയിലാണ്. മെയ് 21 ന് ദില്ലി- തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിനില്‍ വന്ന ബാലുശ്ശേരി വട്ടോളി സ്വദേശി (29) നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയി ഇപ്പോള്‍ അവിടെ ചികിത്സയിലാണ്.
നിലവില്‍ 11 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും 4 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 5 പേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്. ആകെ 20 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതുകൂടാതെ രണ്ട് മലപ്പുറം സ്വദേശികളും കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് സ്വദേശികളായ ഓരോരുത്തരും പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ട്.