മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5.30നായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്
കൊച്ചി: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ടി എച്ച് മുസ്തഫ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു 82ാം വയസ്സിൽ അന്ത്യം. ആലുവയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം രാത്രി 8 മണിക്ക് മാറമ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. കരുത്തുറ്റ സംഘടന ശേഷിയിൽ തീപ്പൊരി പ്രസംഗത്തിലൂടെ കോൺഗ്രസ്സ് പാർട്ടിയുടെ താഴെത്തട്ടിൽ നിന്നും വളർന്ന് വന്ന മുസ്തഫ പാർട്ടിയിലെ ഐ ഗ്രൂപ്പിൻ്റെ മുഖമായിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ കാരണം വർഷങ്ങളായി പൊതുമണ്ഡലത്തിൽ സജീവമല്ലായിരുന്നു ടി എച്ച് മുസ്തഫ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 5.40 നായിരുന്നു അന്ത്യം.1941ൽ പെരുമ്പാവൂർ വാഴക്കുളത്തെ ജന്മി കുടുംബത്തിലായിരുന്നു ജനനം.1965ൽ പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സംഘടനയിലേക്ക് പ്രവേശിച്ചു. 66ൽ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറിയായി. അന്ന് ജില്ലാ കമ്മിറ്റിയുടെ ഭാഗമായിരുന്ന മൂന്നാർ ദേവികുളം മേഖലയിലടക്കം ഓടിനടന്ന് സംഘടനാപ്രവർത്തനം നടത്തിയ മുസ്തഫ തീപ്പൊരി പ്രാസംഗികൻ എന്ന് പേരെടുത്തു. പാർട്ടിയിലെ ഏത് പിളർപ്പിലും ഇന്ദിരാ ഗാന്ധിക്കൊപ്പമായിരുന്നു മുസ്തഫ. 70ലും, 80ലും ഉലയാതെ നിന്ന ആ നിൽപ്പ് പിന്നീട് കെ കരുണാകരനൊപ്പം ഐ ഗ്രൂപ്പിൽ അടിയുറച്ചതായി. ഇന്ദിരാഗാന്ധിയുടെ കേരള സന്ദർശനത്തിൽ 1ലക്ഷം സേവാദൾ പ്രവർത്തകരെ പങ്കെടുപ്പിച്ച് നടത്തിയ ജാഥ മുസ്തഫയിലെ സംഘടനപ്രവർത്തകൻ്റെ മാറ്റുകൂട്ടി. ദൈർഘ്യമേറിയ മൂർച്ചയുള്ള പ്രസംഗത്തിൻ്റെ ചാതുര്യമാണ് മുസ്തഫയുടെ പേരുയർത്തിയത്.
1971ൽ തൃപ്പൂണിത്തുറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ദിരാഗാന്ധി എത്താൻ വൈകിയപ്പോൾ അന്ന് രാത്രി 9 മണി മുതൽ 1മണി വരെ തുടർച്ചയായി മുസ്തഫ നടത്തിയ 4മണിക്കൂർ പ്രസംഗം ചരിത്രമാണ്. 1977 ൽ ആലുവയിൽ നിന്നാണ് മുസ്തഫ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 82ലും, 87ലും, 91ലും, 2001ലും കുന്നത്തുനാടിൻ്റെ എംഎൽഎയായി. 91മുതൽ 95 വരെയാണ് സംസ്ഥാന ഭക്ഷ്യമന്ത്രിയായത്. എല്ലാ നിയോജക മണ്ഡലങ്ങളിലും സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ മൊബൈൽ യൂണിറ്റ് ആശയം ഉൾപ്പെടെ അവതരിപ്പിച്ചെങ്കിലും പാമൊലിൻ അഴിമതി കരിനിഴലായി. പതിറ്റാണ്ടുകൾ വിവിധ പദവികൾ വഹിച്ചപ്പോഴും ആരോടും മുഖം നോക്കാതെ നിലപാട് പറഞ്ഞ മുസ്തഫ കോൺഗ്രസ്സിലെ ഉൾപ്പാർട്ടി വിമർശനത്തിലെയും മുഖമായിരുന്നു. പദവികൾ ഏതായാലും പ്രവർത്തകർക്കൊപ്പം നിന്ന് കോൺഗ്രസ് പാർട്ടിയെ പതിറ്റാണ്ടുകൾ കരുത്തോടെ നയിച്ച നേതാവാണ് വിടവാങ്ങുന്നത്.
https://www.youtube.com/watch?v=Ko18SgceYX8