സിഗ്നൽ കിട്ടി, റോഡിൽ നിന്ന് 3.5 കിലോമീറ്റർ ഉള്ളിൽ ആന; ആളെക്കൊല്ലി മോഴയെ പിടിക്കാൻ ദൗത്യസംഘം സജ്ജം
സിഗ്നൽ കിട്ടിയതോടെ ട്രാക്കിങ് വിദഗ്‌ദ്ധർ കാടുകയറി. ആനപ്പാറ വളവിൽ വലിയ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്
മാനന്തവാടി: മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മക്‌നയെ പിടികൂടാനുള്ള നടപടികൾക്ക് വേഗം കൂട്ടി ദൗത്യ സംഘം. 11 45 ഓടെ മോഴയുടെ സിഗ്നൽ വനംവകുപ്പിന് കിട്ടി. കാട്ടിക്കുളം-ബാവലി റോഡിലെ ആനപ്പാറ വളവിന് അകത്താണ് ആനയുളളത്. റോഡിൽ നിന്ന് 3.5 കിലോമീറ്റർ ഉള്ളിലാണ് ആനയുള്ളത്. സിഗ്നൽ കിട്ടിയതോടെ ട്രാക്കിങ് വിദഗ്‌ദ്ധർ കാടുകയറി. ആനപ്പാറ വളവിൽ വലിയ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വെറ്റിനറി ടീമും സ്ഥലത്ത് എത്തി. പടമല കുന്നുകളിൽ നിന്ന് പുലർച്ചയോടെ ബാവലി റോഡ് മുറിച്ചു കടന്ന ആന മണ്ണുണ്ടി കാടുകളിൽ എത്തിയിരുന്നു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം തുടങ്ങിയതിനു പിന്നാലെ സിഗ്നൽ കൂടി ലഭിച്ചു.വൈൽഡ് ലൈഫ് സിസിഎഫ് മുഹമ്മദ് ശബാബ്, നോർത്തേൻ സിസിഎഫ്, 5 ഡിഎഫ്ഒമാർ വെറ്റിനറി ഡോക്ടർമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് മോഴപിടുത്തത്തിനുള്ള ഒരുക്കം പുരോഗമിക്കുന്നത്.