വാറോല കൈപ്പറ്റട്ടെ, ആദ്യ സസ്പെൻഷനെന്ന് എൻ പ്രശാന്ത്; 'ആരെയും അധിക്ഷേപിച്ചിട്ടില്ല, അഭിപ്രായസ്വാതന്ത്ര്യമുണ്ട്'

സസ്പെൻഷൻ ഉത്തരവിനെ കുറിച്ച് എൻ പ്രശാന്ത് ഐഎഎസിന്‍റെ പ്രതികരണം

First Suspension In Life Will Respond After Receiving Order Says N Prasanth IAS

തിരുവനന്തപുരം: വാറോല കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് സസ്പെൻഷനിലായ എൻ പ്രശാന്ത് ഐഎഎസ്. ബോധപൂർവം ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ഭാഷാപ്രയോഗം നടത്താൻ അവകാശമുണ്ട്. കൂടുതൽ പ്രതികരണം സസ്പെൻഷൻ ഓർഡർ കയ്യിൽ കിട്ടിയ ശേഷമെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിൽ കിട്ടിയ ആദ്യ സസ്പെൻഷനാണ് ഇതെന്നും പ്രശാന്ത് പറഞ്ഞു. സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ പോലും സസ്പെൻഷൻ കിട്ടിയിട്ടില്ല. എന്തെങ്കിലും തുറന്നു പറഞ്ഞാൽ കോർണർ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഐഎഎസ് തലപ്പത്തെ ചേരിപ്പോരും സമൂഹ മാധ്യമങ്ങളിൽ ഉന്നത ഉദ്യോഗസ്ഥനെ അവഹേളിച്ചതും ചൂണ്ടിക്കാട്ടിയാണ് കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.  ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നും സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറയുന്നു. 

അഡീഷണൽ ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ സോഷ്യൽ മീഡിയ വഴിയുള്ള പ്രശാന്തിന്‍റെ പരാമർശങ്ങൾ അഡ്മിനിസ്ടേറ്റീവ് സർവീസിനെ പൊതു മധ്യത്തിൽ നാണം കെടുത്തിയെന്നും ഉത്തരവിൽ വിമർശനമുണ്ട്. അതേസമയം കാരണം കാണിക്കൽ നോട്ടീസില്ലാതെയുള്ള സസ്പെൻഷനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് എൻ പ്രശാന്ത് ഐഎഎസ്.

2 ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല അന്വേഷണവും, പ്രശാന്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കും
 

Latest Videos
Follow Us:
Download App:
  • android
  • ios