കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ എത്തി; ട്രെയിനിലുള്ളത് 118 മെട്രിക് ടൺ ഓക്സിജൻ
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നർ ടാങ്കറുകളിലാണു ഓക്സിജൻ നിറച്ചു കൊണ്ടു വന്നത്.
കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് ദ്രവീകൃത മെഡിക്കൽ ഓക്സിജനുമായി തീവണ്ടി വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്.
ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നും ദില്ലിയിലേക്കയച്ച ലോഡ് അവിടെ ഓക്സിജൻ്റെ ആവശ്യം കുറഞ്ഞതിനെ തുടർന്ന് കേന്ദ്രം കേരളത്തിന് അനുവദിക്കുകയായിരുന്നു. ആറ് കണ്ടെയ്നറുകളിൽ നിറച്ചാണ് ഓക്സിജൻ കൊണ്ടുവന്നത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നർ ടാങ്കറുകളിലാണ് ഓക്സിജൻ നിറച്ചു കൊണ്ടുവന്നത്. വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ കടന്നുപോകാൻ കേരളത്തിലെ ചില റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവ് തടസമായില്ല. വല്ലാർപാടത്തിന് സമീപം വരെ ഇലക്ട്രിക് എഞ്ചിനിലാണ് തീവണ്ടി ഓടിച്ചത്. തുടർന്ന് ഡീസൽ എഞ്ചിനിലേക്ക് മാറ്റി.
ഫയർ ഫോഴ്സിന്റെയും പൊലീസിൻ്റെയും മേൽനോട്ടത്തിൽ ടാങ്കർ ലോറികളിലേക്ക് നിറച്ച് തുടങ്ങി. ഇതിനുശേഷം വിവിധ ജില്ലകളിലേക്ക് എത്തിക്കും. സുരക്ഷക്കായി മൂന്ന് ഫയർ ഫോഴ്സിൻ്റെ മൂന്ന് ഫോം ടെണ്ടറുകളും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. സംസ്ഥാനത്തേക്ക് ഓക്സിജനുമായി ഒരു തീവണ്ടി കൂടി എത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതും അടുത്ത ദിവസമെത്തും. 500 ടാങ്കുകളിലായി 7900 മെട്രിക് ടണ്ണിലധികം ഓക്സിജൻ റെയിൽവേ ഇതിനകം വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചു. ഏപ്രിൽ 24 മുതലാണ് രാജ്യത്ത് ഓക്സിജനുമായി തീവണ്ടികൾ ഓടിത്തുടങ്ങിയത്. ഈ ട്രെയിനുകൾ തടസ്സമില്ലാതെ ഓടാൻ വേണ്ട ക്രമീകരണങ്ങൾ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona