Asianet News MalayalamAsianet News Malayalam

'അവൾക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സമയം കിട്ടിയിരുന്നില്ല, എന്‍റെ മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുത്'

അവള് താമസിക്കുന്ന പിജിയിൽ 10 മണി കഴിഞ്ഞാൻ ഫുഡ് കിട്ടില്ല. അതുകൂടാതെ വർക്കിന്റെ സ്ട്രെസ്സും ഉണ്ടായിരുന്നു.

father response on anna sebastian death kochi work stress multinational company pune
Author
First Published Sep 19, 2024, 1:09 PM IST | Last Updated Sep 19, 2024, 1:46 PM IST

കൊച്ചി: മകളുടെ മരണത്തിന് കാരണം മൾട്ടി നാഷണൽ കമ്പനിയുടെ ജോലിസമ്മർദ്ദമാണെന്ന് കുടുംബത്തിന്റെ പരാതി. മകൾക്ക് ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ലായെന്നും സമയത്ത് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും മരിച്ച അന്നയുടെ അച്ഛൻ സിബി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്റെ മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്നും സിബി ജോസഫ് വ്യക്തമാക്കി. 

''ഔട്ട്സൈഡ് ക്ലയന്റ്സിന്റെ ഓഡിറ്റാണ് മോളുടെ കമ്പനി ചെയ്യുന്നത്. അവൾ മരിക്കുന്ന സമയത്ത് ബജാജ് ഓട്ടോ എന്ന കമ്പനിയുടെ ഓഡിറ്റിം​ഗായിരുന്നു. അതിന്റെ റിസൾട്ട് അനൗൺസ് ചെയ്യുകയും ചെയ്തിരുന്നു. കൃത്യസമയത്തിനുള്ളിൽ ഈ വർക്ക്  ചെയ്തു തീർക്കണമെന്നുണ്ട്. അതുകൊണ്ട് രാത്രിയിലൊക്കെ ഇരുന്ന് ജോലി ചെയ്യണമെന്നുണ്ട്. 12.30 വരെ അവിടെയിരുന്ന് ജോലി ചെയ്യണം. പിജിയിലെത്തുമ്പോൾ 1.30 ആകും. അവിടെയെത്തിയാലും അവിടെ അഡീഷണൽ വർക്ക് കൊടുക്കും. അതുകൊണ്ട് അവൾക്ക് ഉറക്കമില്ലായിരുന്നു.

അവള് താമസിക്കുന്ന പിജിയിൽ 10 മണി കഴിഞ്ഞാൻ ഫുഡ് കിട്ടില്ല. അതുകൂടാതെ വർക്കിന്റെ സ്ട്രെസ്സും ഉണ്ടായിരുന്നു. റിസൈൻ ചെയ്ത് വരാൻ പറഞ്ഞതാണ്. അപ്പോൾ അവളാണ് പറഞ്ഞത്, ഇവിടെത്തെ വര്‍ക്ക് നല്ലൊരു എക്സ്പോഷര്‍ കിട്ടുന്ന വര്‍ക്കാണ്. അതുകൊണ്ട് ഒരു വര്‍ഷമെങ്കിലും ഇവിടെ നില്‍ക്കണമെന്ന്. മറ്റ് എവിടെയെങ്കിലും ജോലി കിട്ടുമ്പോൾ നല്ലതാണെന്ന് അവള്‍ പറഞ്ഞു. അതുകൊണ്ടാണ് അവളവിടെ നിന്നത്.'' അവിടുത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ലെന്നും അന്നയുടെ അച്ഛന്‍ പറഞ്ഞു. 

''അവള്‍ അസിസ്റ്റന്‍റ് മാനേജരോട് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്, വര്‍ക്ക്  ചെയ്യാന്‍ പറ്റണില്ലെന്ന്. നിങ്ങള്‍ രാത്രിയിലും ജോലി ചെയ്യണമെന്നാണ് അവര്‍ പറഞ്ഞത്. ഫെബ്രുവരിയിലാണ് അവളുടെ സിഎ റിസള്‍ട്ട് വന്നത്. മാര്‍ച്ചില്‍ അവള്‍ അവിടെ ജോയിന്‍ ചെയ്തു. ജൂലൈ 21 ന് അതിരാവിലെയാണ് അവള്‍ മരിച്ചത്. ഭക്ഷണം കഴിക്കാത്തതിന്‍റെയും ഉറക്കമില്ലായ്മയുടെയും പ്രശ്നങ്ങള്‍ അവള്‍ പറഞ്ഞിരുന്നു. അവളുടെ കോണ്‍വൊക്കേഷന് പോയപ്പോള്‍ ഒരു ഹോസ്പിറ്റലില്‍ പോയി ഇസിജിയെടുത്തു. കാര്‍ഡിയോളജിസ്റ്റിനെ കണ്ടപ്പോള്‍ ഹാര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞു.

ഉറക്കമില്ലായ്മയും സമയത്ത് ഭക്ഷണം കഴിക്കാത്തതിന്‍റെയും പ്രശ്നം മാത്രമാണ് അവള്‍ക്കുണ്ടായിരുന്നത്. അതിനൊരു വഴി കണ്ടുപിടിക്കണമെന്നാണ് പറഞ്ഞത്. അവള്‍ക്കൊരു കുഴപ്പവുമില്ലായിരുന്നു. ആരോഗ്യവതിയായിരുന്നു അവള്‍. ഞങ്ങള്‍ ലെറ്റര്‍ എഴുതിയതിന് ശേഷമാണ് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണമുണ്ടായത്. ഇനി വരുന്ന പിള്ളേര്‍ക്ക് അങ്ങനൊരു അവസ്ഥ ഉണ്ടാകരുതെന്നേയുള്ളൂ ഞങ്ങള്‍ക്ക്. ഇത് മാത്രമേ ഞങ്ങളുദ്ദേശിക്കുന്നുള്ളൂ. പുതിയതായി ജോയിന്‍ ചെയ്യുന്നവര്‍ക്കാണ് ഇവര്‍ കൂടുതല്‍ വര്‍ക്ക് കൊടുത്തിരുന്നത്. ഇവള്‍ തിരിച്ച് പ്രതികരിക്കുന്നില്ലായിരുന്നു. എന്ത് ജോലി കൊടുത്താലും അവള് ചെയ്ത് തീര്‍ക്കും അതുകൊണ്ടാണ് അവള്‍ക്ക് ഉറക്കമില്ലായ്മയൊക്കെ വന്നത്.'' സിബി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തൊഴില്‍സമ്മര്‍ദം: അന്നയുടെ മരണം അന്വേഷിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ, ഉറപ്പെന്ന് കേന്ദ്ര മന്ത്രി ശോഭ കരന്തലജെ

Latest Videos
Follow Us:
Download App:
  • android
  • ios