ഇന്ന് കർഷകദിനം; ഹൈടെക്ക് കൃഷിരീതിയിലൂടെ ലാഭം കൊയ്ത് കർഷകർ
പയറും പാവയ്ക്കയും തക്കാളിയും കാപ്സക്കവും സാലഡ് വെളളരിയുമൊക്കെയാണ് പോളിഹൗസിൽ ചെയ്യുന്നത്. ജൈവ കൃഷിയാണ് ഫാമിന്റെ മറ്റൊരു പ്രത്യേകത.
നെയ്യാറ്റിൻക്കര: ഇന്ന് കർഷകദിനം. മാറുന്ന ജീവിതത്തിനൊപ്പം കൃഷിരീതികളും മാറുകയാണ്. പഴയ കൃഷി രീതികൾ വിട്ട് ഹൈടെക്ക് വിദ്യയുമായി പാടത്തേക്ക് ഇറങ്ങുകയാണ് കർഷകർ. ഹൈടെക് കൃഷിരീതിയിലൂടെ ലാഭം കൊയ്യുന്ന ഒരു കർഷകനെ പരിചയപ്പെടാം. നെയ്യാറ്റിൻകര പ്ലാമൂട്ടുക്കട സ്വദേശിയായ സിസിൽ ചന്ദ്രൻ ആണ് ഹൈടെക് രീതി വികസിപ്പിച്ചെടുത്ത് കൃഷി ചെയ്യുന്നത്. മികച്ച ഹൈടെക് കർഷകനുളള സംസ്ഥാന സർക്കാരിന്റെ പുരസ്കാര ജേതാവാണ് സിസിൽ ചന്ദ്രൻ.
മൂന്നേക്കർ കൃഷിയിടത്തിൽ ഒരുക്കിയിരിക്കുന്ന മൂന്ന് പോളിഹൗസുകളിലാണ് സിസിൽ കൃഷി ചെയ്യുന്നത്. താപനിലയും വെളളവും പ്രകാശവുമെല്ലാം ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനാൽ ഒരു കാലവസ്ഥാ മാറ്റവും ഇവിടത്തെ വിളവിനെ ബാധിക്കാറില്ല. 2012 മുതൽ പോളിഹൗസ് രീതിയിലേക്ക് ചുവടുമാറിയ സിസിലിന് പിന്നെ കൃഷിഭൂമിയിൽ നിന്ന് പൊന്നുവിളയിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളു.
പയറും പാവയ്ക്കയും തക്കാളിയും കാപ്സക്കവും സാലഡ് വെളളരിയുമൊക്കെയാണ് പോളിഹൗസിൽ ചെയ്യുന്നത്. ജൈവ കൃഷിയാണ് ഫാമിന്റെ മറ്റൊരു പ്രത്യേകത. പരമ്പരാഗത കൃഷിയേക്കാൾ അഞ്ച് മടങ്ങുവരെ ഹൈടെക് കൃഷിയിലുടെ ലാഭമുണ്ടാക്കാമെന്നും സിസിൽ പറയുന്നു. കൃഷിയിടത്തിലെ കുളത്തിൽ മീൻ വളർത്തി ആ വെളളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. മത്സ്യങ്ങളുടെ കാഷ്ടമടങ്ങുന്ന വെളളം ചെടികൾക്ക് നല്ല വളമായി മാറുന്നു. മീൻ വളർത്തിക്കിട്ടുന്ന ലാഭം വേറെയുമുണ്ടെന്ന് സിസിൽ കൂട്ടിച്ചർത്തു.
"
ഇവിടെ നിന്നും കാപ്സിക്കം, പാവയ്ക്ക, മുളക് എന്നിവ വിദേശത്തേക്ക് കയറ്റി അയക്കാറുണ്ട്. 30 വർഷമായി കൃഷിരംഗത്തുളള സിസിൽ പച്ചക്കറിക്ക് പുറമേ നെല്ലും വാഴയും കൃഷി ചെയ്യുന്നുണ്ട്.