സർക്കാർ ക്വാറന്‍റീൻ നിഷേധിക്കുന്നു, കോഴിക്കോട് പ്രവാസികളുടെ പ്രതിഷേധം
ക്വാറന്‍റീൻ ഒരുക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചതോടെയാണ് യാത്രക്കാർ പ്രതിഷേധിച്ചത്.
കോഴിക്കോട്: സർക്കാർ ക്വാറന്‍റീൻ സംവിധാനം നിഷേധിച്ചാരോപിച്ച് കോഴിക്കോട്ട് പ്രവാസികളുടെ പ്രതിഷേധം. കരിപ്പൂർ എയർപ്പോർട്ടിൽ നിന്നും കണ്ണൂർ എയർപ്പോർട്ടിൽ നിന്നും കെഎസ്ആർടിസി ബസിൽ എത്തിയ പ്രവാസികളാണ് പ്രതിഷേധിച്ചത്. 47 പേരാണ് ബസുകളിൽ ഉണ്ടായത്. ഇതിൽ 17 പേർക്കാണ് കോഴിക്കോട് സർക്കാർ ക്വാറന്‍റീൻ സംവിധാനം വേണ്ടിയിരുന്നത്. എന്നാല്‍ ക്വാറന്‍റീൻ ഒരുക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചതോടെയാണ് യാത്രക്കാർ പ്രതിഷേധിച്ചത്. രണ്ട് മണിക്കൂറിന് ശേഷം അധികൃതരെത്തി 17 പേരെയും സർക്കാർ ക്വാറന്‍റീൻ കേന്ദങ്ങളിലേക്ക് മാറ്റി. കോഴിക്കോട് ക്വാറന്‍റീൽ കേന്ദ്രം റദ്ദാക്കിയത് അങ്ങേയറ്റം തെറ്റായ നടപടിയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
അതിനിടെ കൊല്ലത്ത് അഞ്ചലിൽ കുവൈറ്റിൽ നിന്ന് വന്നയാളെ സര്‍ക്കാര്‍ ക്വാറന്‍റീൻ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയെന്ന് പരാതിയും ഉയരുന്നുണ്ട്. ഇദ്ദേഹം ലഗേജുമായി ബസ് സ്റ്റാന്‍റിൽ എത്തി. ഇദ്ദേഹത്തിനെതിരെ ക്വാറന്‍റീന്‍ ലംഘത്തിന് കേസെടുക്കും.
അതിനിടെ പ്രവാസി വിഷയത്തില്‍ മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് വീണ്ടും കെപിസിപി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. പ്രവാസികളെ സ്വീകരിക്കുമെന്ന് കൊട്ടിഘോഷിച്ച് പറഞ്ഞവർ ഇപ്പോൾ യൂ ടേൺ അടിച്ചുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പ്രവാസികളുടെ ദുഃഖത്തിനും കണ്ണീരിനും കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും താന്തോന്നിത്തരവുമാണ്. കൊവിഡ് കാലം നാടിന് ദുരിതമാണെങ്കിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും കൊയ്ത്തുകാലമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.