Asianet News MalayalamAsianet News Malayalam

'എഥിലീന്‍ ഓക്സൈഡ് കീടനാശിനിയല്ല, സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഇന്ത്യയുടെ വിശ്വാസ്യത തകർക്കാൻ നീക്കം': എഐഎസ്ഇഎഫ്

എഥ്‍ലീന്‍ ഓക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇന്ത്യയിലെ ചില കമ്പനികളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതി ഹോങ്കോങും സിംഗപ്പൂരും നിര്‍ത്തിവച്ചിരുന്നു

Ethylene oxide not pesticide move to undermine India's credibility in spice exports says spices export organisations
Author
First Published May 17, 2024, 8:44 AM IST | Last Updated May 17, 2024, 8:44 AM IST

കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ ഉപയോഗിക്കുന്ന എഥിലീന്‍ ഓക്സൈഡ് കീടനാശിനിയല്ലെന്ന് സ്പൈസസ് എക്‍സ്പോര്‍ട്ട് സംഘടനകള്‍. ഭക്ഷ്യവസ്തുകളെ അണുവിമുക്തമാക്കുന്ന ജോലി മാത്രമാണ് ഇവയ്ക്കുള്ളത്. എഥിലീന്‍ ഓക്സൈഡിന്‍റെ സാന്നിധ്യമുണ്ടെന്ന കാരണത്താല്‍ ചില രാജ്യങ്ങള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതി നിര്‍ത്തിവച്ച സാഹചര്യത്തിലാണ് സംഘടനകളുടെ വിശദീകരണം.

ക്യാന്‍സറിന് കാരണമാകുന്ന ഗ്രൂപ്പ് വണ്‍ കാര്‍സിനോജനിക്കുകളുടെ പട്ടികയില്‍പ്പെടുന്നതാണ് എഥലീന്‍ ഓക്സൈഡെന്നാണ് ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിന്‍റെ കണ്ടെത്തൽ. എഥ്‍ലീന്‍ ഓക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇന്ത്യയിലെ ചില കമ്പനികളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതി ഹോങ്കോങും സിംഗപ്പൂരും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ എഥിലീന്‍ ഓക്സൈഡ് ഒരു കീടനാശിനിയേ അല്ലെന്ന് വ്യക്തമാക്കുകയാണ് സ്പൈസിസ് എക്സ്പോര്‍ട്ട് സംഘടനകള്‍. സുഗന്ധദ്രവ്യങ്ങളിലും ഭക്ഷ്യ ഉത്പനങ്ങളിലും അടങ്ങിയ സാല്‍മണല്ല, ഇ കോളി രോഗാണുകളെയും സൂക്ഷ്മ ജീവികളുടെ മലിനീകരണവും നിയന്ത്രിക്കുന്നതിനുള്ള സ്റ്റെര്‍ലൈസിംഗ് ഏജന്‍റ് മാത്രമാണിതെന്നും സ്പൈസിസ് എക്‍സ്പോര്‍ട്ട് സംഘടനകള്‍ പറയുന്നു. 

അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ എഥലീന്‍ ഓക്സൈഡിന്‍റെ അനുവദനീയമായ പരിധിയിലുള്ള ഉപയോഗം നിലവിലുണ്ട്. സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അതിന്‍റെ വിശ്വാസ്യത തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ഒരുമിച്ച് നിന്ന് നേരിടണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

എഥിലീന്‍ ഓക്സൈഡ് വഴി സംസ്കരിച്ച സുഗന്ധ വ്യഞ്ജനങ്ങളുടെ മേല്‍നോട്ടവും പരിശോധനയും സര്‍ട്ടിഫിക്കേഷനുമുള്‍പ്പെടുന്ന നിയന്ത്രണ ചട്ടക്കൂട് വേണം. ഇങ്ങനെ സംസ്കരിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണങ്ങളെയും സുരക്ഷയെയും കുറിച്ച് ഉപഭോക്താക്കളെ  ബോധവത്കരിക്കാനുള്ള നടപടിയും വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. 

'ദൈവത്തിന്‍റെ കൈ'; അപൂർവ ആകാശ പ്രതിഭാസം പതിഞ്ഞത് ഡാർക്ക് എനർജി ക്യാമറയിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios