'ടിസി വേണ്ട, സെല്‍ഫ് ഡിക്ലറേഷന്‍ മതി'; വിദ്യാര്‍ത്ഥിക്ക് ഇഷ്ടമുള്ള സ്കൂളില്‍ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി
ചില സ്കൂളുകൾ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് കാലത്ത് സെൽഫ് ഡിക്‌ളറേഷൻ ഉണ്ടെങ്കിൽ വിദ്യാർത്ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളിൽ ടി സി(Transfer certificate) ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി (Education minister) വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചില സ്കൂളുകൾ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി നിയമസഭയില്‍(Assembly) പറഞ്ഞു.
ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്ഷൻ 5 (2) , (3) അനുശാസിക്കും പ്രകാരം പ്രസ്തുത സ്കൂളിലെ പ്രധാന അധ്യാപകൻ ടിസി നൽകേണ്ടതുണ്ട്. വിദ്യാര്‍ത്ഥി പുതുതായി ചേരാൻ ഉദ്ദേശിക്കുന്ന സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് മാത്രമേ അഡ്മിഷൻ നൽകാൻ സാധിക്കൂ. ഹയർസെക്കൻഡറി സ്കൂൾ ട്രാൻസ്ഫർ സിംഗിൾ വിൻഡോ അഡ്മിഷൻ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും മന്ത്രി എ.എൻ. ഷംസീര്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായി വ്യക്തമാക്കി.
കൊവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം നബംബര്‍ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആദ്യഘട്ടത്തിൽ ക്ളാസുകൾ രാവിലെ ക്രമീകരിക്കും. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല എന്നാണ് തീരുമാനം.
എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തിരിക്കണം. സ്‌കൂൾതല ഹെൽപ്പ്‌ലൈൻ ഏർപ്പെടുത്തും. അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ പിന്നീട് ഇറക്കും. സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകൾ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്.