Asianet News MalayalamAsianet News Malayalam

തൂണേരി ഷിബിൻ വധക്കേസ്: മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

തൂണേരി ഷിബിൻ വധക്കേസിൽ ഹൈക്കോടതി മുസ്ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു

DYFI worker Thuneri Shibin murder case accused Muslim league workers gets life time imprisonment
Author
First Published Oct 15, 2024, 2:48 PM IST | Last Updated Oct 15, 2024, 3:01 PM IST

കൊച്ചി : തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിൻ്റെ മാതാപിതാക്കൾക്ക് പ്രതികൾ നൽകാനും കോടതി വിധിച്ചു.

കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, രണ്ടാം പ്രതി തെയ്യമ്പാടി മുനീർ, നാലാം പ്രതി വാറങ്കി താഴെ കുനിയിൽ സിദ്ദിഖ്, അഞ്ചാം പ്രതി മണിയൻ്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതിൽ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മൽ സമദ് എന്നിവരെയാണ് ശിക്ഷിച്ചത്. 2015 ലാണ് ഷിബിൻ കൊല്ലപ്പെട്ടത്. ഷിബിൻ വധക്കേസിലെ മൂന്നാം പ്രതി അസ്‌ലം 2016 ൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ സിപിഎം പ്രവർത്തകരാണ് പ്രതികൾ.

ഇന്നലെ വൈകിട്ട് വിദേശത്ത് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അതീവ സുരക്ഷയിൽ കോഴിക്കോട്ട് എത്തിച്ച പ്രതികളെ  ബീച്ച് ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം  രാത്രി പന്ത്രണ്ടരയോടെ വിചാരണ കോടതിയായ കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി  മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ  കീഴടങ്ങിയിട്ടില്ല.

വിചാരണ കോടതി വെറുതെവിട്ട 8 പ്രതികൾ കുറ്റക്കാർ ആണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.. ഇവരെ അറസ്റ്റ് ചെയ്തു ഹാജരാക്കാനായിരുന്നു പൊലീസിന് ലഭിച്ച നിർദ്ദേശം. 2015 ജനുവരി 22നാണു ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിനെ പ്രതികൾ കൊലപ്പെടുത്തിയത്. വിചാരണക്കോടതി പ്രതികളെ സംശയത്തിൻ്റെ ആനുകൂല്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ ഷിബിന്റെ പിതാവും പ്രോസിക്യൂഷനും നൽകിയ അപ്പീലിനെ തുടർന്ന് വാദം കേട്ട ഹൈക്കോടതി 17 പ്രതികളിൽ എട്ട് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

ഹൈക്കോടതി വിധി ആശ്വാസവും സന്തോഷവും നൽകുന്നതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. സുപ്രധാന വിധി ആണ് വന്നത്. തെളിവുകൾ ഗൗരവത്തിൽ വിചാരണ കോടതി പരിഗണണിച്ചില്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. ഹൈക്കോടതി ഗൗരവത്തോടെ തെളിവുകൾ പരിശോധിച്ചതിനാലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios