'അപരനോടുള്ള സ്നേഹവും കരുതലും മറ്റെന്തിനേക്കാളും മഹത്തരമാണ്'; അശ്വിനും രേഖയ്ക്കും അഭിനന്ദനം
പുന്നപ്രയിലെ ഡൊമിസിലറി കേയർ സെന്ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ അശ്വിൻ കുഞ്ഞുമോനും രേഖയും ചേര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ബൈക്കിലിരുത്തി എത്തിച്ചത്.
തിരുവനന്തപുരം: ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. അപരനോടുള്ള സ്നേഹം, കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ്. ആ കരുതലും സേനഹവും കാണിച്ച അശ്വിനും രേഖയും അഭിമാനവും മാതൃകയുമാണെന്ന് റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പുന്നപ്രയിലെ ഡൊമിസിലറി കേയർ സെന്ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ അശ്വിൻ കുഞ്ഞുമോനും രേഖയും ചേര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് എത്തിച്ചത്. രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സ് വിളിച്ചുവെങ്കിലും രോഗിക്ക് ശാരീരിക അസ്വസ്ഥതകള്‍ കൂടിയതോടെ ഇതു കണ്ടു നിന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അശ്വിനും രേഖയും രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചു. സിഎഫ്എൽടിസിയിൽ പതിവ്പോലെ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ഇരുവരും.
രോഗിയുടെ അവസ്ത കണ്ടപ്പോള്‍ ആംബുലന്‍സ് വരുന്നത്ര സമയം കാത്തു നില്‍ക്കാതെ എങ്ങിനെയുംആശുപത്രിയില്‍ എത്തിക്കണമെന്നായിരുന്നു അപ്പോള്‍ മനസിലുണ്ടായതെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. അശ്വിൻ കുഞ്ഞുമോൻ ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോർത്ത് മേഖലാ കമ്മിറ്റി അംഗവും,രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണ്.
രണ്ടുപേരും സംസ്ഥാന സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിൽ അംഗങ്ങളുമാണ്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്
അശ്വിൻ കുഞ്ഞുമോൻ,രേഖാ നിങ്ങൾ അഭിമാനമാണ്,മാതൃകയാണ്.
ഇന്ന് രാവിലെമുതൽ വൈറലായ ചിത്രത്തിലെ രണ്ടുപേർ.ഇരുവരും ഡിവൈഎഫ്ഐ സഖാക്കൾ.
അൽപം മുൻപ് അവരോട് വീഡിയോ കോളിൽ സംസാരിച്ചു, അഭിവാദ്യങ്ങൾ നേർന്നു.
സിഎഫ്എൽടിസിയിൽ പതിവ്പോലെ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ഇരുവരും.അപ്പോഴാണ് ഒരു കോവിഡ് രോഗിയുടെ നില അൽപം ഗുരുതരമാണ് എന്ന് അറിയുന്നത്. ആംബുലൻസ് എത്താൻ സ്വാഭാവികമായ കാലതാമസം ഉണ്ടാകുമെന്ന് അറിഞ്ഞു. അതുവരെ കാത്തുനിൽക്കാതെ ബൈക്കിൽ അശ്വിനും രേഖയും രോഗിയെ കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.
റോഡപകടത്തിൽപെട്ട് പിടയുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ മടികാണിക്കുന്ന ആളുകളെ നമ്മൾ കാണാറുണ്ട്. യഥാസമയം ആശുപത്രിയിൽ എത്തിക്കാത്തതിനാൽ മാത്രം മരണപ്പെട്ട എത്രയോ സംഭവങ്ങൾ അപകട മരണങ്ങളുടെ പട്ടികയിലുണ്ട്. നന്മയുടെ ഒരു കൈ നീണ്ടാൽ ഒരു പക്ഷേ ജീവന്റെ തുടിപ്പ് തിരികെ കിട്ടുമായിരുന്ന എത്രയോ സഹോദരങ്ങൾ.....
നന്മകൾക്ക് നിറം മങ്ങിയിട്ടില്ലെന്നു
കാട്ടിത്തരികയാണ് ഇവർ രണ്ടുപേർ.
അപരനോടുള്ള സ്നേഹം, കരുതൽ മറ്റെന്തിനേക്കാളും മഹത്തരമാണ്.
അനേകം ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്.അവർക്കെല്ലാവർക്കും അരവിന്ദും രേഖയും കൂടുതൽ ആവേശം പകരുന്നു.
അശ്വിൻ കുഞ്ഞുമോൻ ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോർത്ത് മേഖലാ കമ്മിറ്റി അംഗവും,രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണ്.
രണ്ടുപേരും സംസ്ഥാന സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിൽ അംഗങ്ങളാണ്.
ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona