തട്ടിയത് 3 കോടിയോളം? കേസുകൾ 11; ഡിവൈഎഫ്ഐ മുൻ ജില്ലാ നേതാവിനെ അഭിഭാഷകൻ്റെ ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്തു

ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റിൽ

DYFI former leader sachitha Rai arrested on fraud charges at Kasaragod

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതിയെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഇതിനോടകം 11 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ ആളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം.  

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍, കര്‍ണാടക എക്സൈസില്‍ ക്ലര്‍ക്ക്, എസ്ബിഐ ബാങ്കില്‍ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി എന്നിങ്ങനെയാണ് പലർക്കും വാഗ്ദാനം ചെയ്തത്. മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയായ സച്ചിത റൈ, ഡിവൈഎഫ്ഐ നേതാവെന്ന നിലയിലെ പ്രവർത്തന മികവിലെ വിശ്വാസ്യത നേടിയാണ് പലരെയും പറ്റിച്ചത്. ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ പലരില്‍ നിന്നായി വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതായാണ് പരാതി.

കര്‍ണാടക എക്സൈസില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ബാഡൂര്‍ സ്വദേശി മലേഷില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തന്‍റെ മകന്‍റെ അധ്യാപിക ആയതിനാലാണ് വിശ്വസിച്ച് കാശ് നല്‍കിയതെന്ന് യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കേസുകളിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍‍സ് കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തത് സ്വാധീനമുള്ളത് കൊണ്ടാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് ഇന്ന് കീഴയങ്ങാനെത്തിയപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest Videos
Follow Us:
Download App:
  • android
  • ios