ആ ബോര്‍ഡ് മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമോ? വിശദീകരണവുമായി ഡോ. സൗമ്യ സരിന്‍
അടിസ്ഥാന മാനുഷിക മൂല്യങ്ങളെപ്പോലും വിഴുങ്ങുന്ന രാഷ്ട്രീയ അതിപ്രസരണമാണിതെന്നും മെഡിക്കൽ എത്തിക്സിന് എതിരാണ് നെയിംബോര്‍ഡിലെ വിവരങ്ങളെന്നുമായിരുന്നു ഡോക്ടര്‍ ദമ്പതികള്‍ക്കെതിരെ നടന്ന പ്രചാരണം.
തിരുവനന്തപുരം: വീടിന് പുറത്ത് വച്ച നെയിം ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ പരിശോധനയും നിര്‍ദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമെന്ന് കുറിച്ചതിന് ലഭിച്ച രൂക്ഷ വിമര്‍ശനത്തിന് മറുപടിയുമായി ഡോ സൗമ്യ സരിന്‍. #INDIANS, #REPEAL CAA, #NO NRC എന്ന് കൂടി നെയിംബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതാണ് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. അടിസ്ഥാന മാനുഷിക മൂല്യങ്ങളെപ്പോലും വിഴുങ്ങുന്ന രാഷ്ട്രീയ അതിപ്രസരണമാണിതെന്നും മെഡിക്കൽ എത്തിക്സിന് എതിരാണ് നെയിംബോര്‍ഡിലെ വിവരങ്ങളെന്നുമായിരുന്നു ഡോക്ടര്‍ ദമ്പതികള്‍ക്കെതിരെ നടന്ന പ്രചാരണം. ദേശീയ പൗരത്വ ഭേദഗതി, എന്‍ആര്‍സി എന്നിവയെ എതിര്‍ക്കുന്നവര്‍ക്ക് ചികിത്സ നല്‍കൂവെന്ന നിലയിലും സമൂഹമാധ്യമങ്ങള്‍ പ്രചാരണം ശക്തമായതോടെയാണ് ഡോ സൗമ്യ സരിന്‍ വിശദീകരണവുമായി എത്തുന്നത്.
രണ്ടുപേരും വീട്ടിൽ പ്രൈവറ്റ് പ്രാക്റ്റീസ് ചെയ്യുന്നവരല്ല. അത് ഞങ്ങളുടെ പരിശോധനവിവര ബോർഡുമല്ല. അതുകൊണ്ടു സ്പെഷ്യൽറ്റി , രജിസ്ട്രേഷൻ നമ്പർ എന്നിവയുടെ ആവശ്യം ഈ ബോർഡിൽ ഉണ്ടെന്നു കരുതുന്നില്ല. മെഡിക്കൽ എത്തിക്സ് ഇന്ത്യൻ ഭരണഘടനക്ക് എതിരാണോ? അങ്ങനെ ആവാൻ യാതൊരു നിർവഹവുമില്ല അല്ലെ? ഡോക്ടർ ജോലിയിൽ 'രാഷ്ട്രീയം' വേണോയെന്നാണ് ചോദ്യമെങ്കിൽ, വേർതിരിവിന്റെ രാഷ്ട്രീയം വേണ്ട എന്നതാണ് ഉത്തരമെന്നും സൗമ്യ സരിന്‍ വ്യക്തമാക്കി. ഞങ്ങൾ താമസിക്കുന്ന ഇടത്തിൽ, ഞങ്ങളുടെ പേരിന് ഒപ്പം ഞങ്ങളുടെ നിലപാടും ഉറക്കെ പറഞ്ഞു എന്ന് മാത്രമെന്നും ഡോ. സൗമ്യ സരിന്‍ വിശദമാക്കി.
ഡോ. സൗമ്യ സരിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഞാനും സരിനും വീട്ടിൽ വെച്ച നെയിം ബോർഡിനെ ചൊല്ലി അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരുടെ സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. നന്ദി,എല്ലാവരോടും. അതിൽ പലരും ഉയർത്തിയ ചില സംശയങ്ങൾക്ക് മറുപടി പറയാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നു തോന്നിയത് കൊണ്ടിടുന്ന ഒരു പോസ്റ്റാണിത്.
അധികം പേരും പറഞ്ഞ ഒരു ആവലാതി ആ ബോർഡിൻറെ ഘടനയിലുള്ള ചില കാര്യങ്ങളാണ്. രെജിസ്ട്രേഷൻ നമ്പർ ഇല്ല, ഏതാണ് സ്പെഷ്യലിറ്റി എന്നില്ല എന്നൊക്കെ. ഞങ്ങൾ രണ്ടുപേരും വീട്ടിൽ പ്രൈവറ്റ് പ്രാക്റ്റീസ് ചെയ്യുന്നവരല്ല. അത് ഞങ്ങളുടെ പരിശോധനവിവര ബോർഡുമല്ല. അതുകൊണ്ടു സ്പെഷ്യൽറ്റി , രെജിസ്ട്രേഷൻ നമ്പർ എന്നിവയുടെ ആവശ്യം ഈ ബോർഡിൽ ഉണ്ടെന്നു കരുതുന്നില്ല. എങ്കിൽ കൂടിയും മോഡേൺ Medicine പ്രാക്ടീസ് ചെയ്യുന്നവർ എന്ന നിലയിലുള്ള Reg. No. ചേർക്കുന്നത് ഉചിതമായിരിക്കും എന്നു കണ്ട് തിരുത്തിയിട്ടുമുണ്ട്.
ഞങ്ങൾ താമസിക്കുന്ന ഇടത്തിൽ, ഞങ്ങളുടെ പേരിനു ഒപ്പം ഞങ്ങളുടെ നിലപാടും ഉറക്കെ പറഞ്ഞു എന്ന് മാത്രം.
പിന്നെ കേട്ടത് ആ എഴുതിയതിനു ഒരു പുതിയ വ്യാഖ്യാനമായിരുന്നു! അതായത്, CAA/ NRC എന്നിവയെ എതിർക്കുന്നവരെ മാത്രമേ പരിശോധിക്കുകയും അവർക്കു മാത്രമേ ചികിത്സ നൽകുകയും ചെയ്യൂ എന്നാണത്രെ ഇതിന്റെ അർഥം! അത് മെഡിക്കൽ എത്തിക്സിന് ചേർന്നതല്ലെന്നും ഞങ്ങൾ പരസ്യമായി ആർക്കൊക്കെയോ ചികിത്സാനിഷേധം ചെയ്‌തെന്നും!
അപ്പോളൊരു സംശയം, ഈ മെഡിക്കൽ എത്തിക്സ് ഇന്ത്യൻ ഭരണഘടനക്ക് എതിരാണോ? അങ്ങനെ ആവാൻ യാതൊരു നിർവഹവുമില്ല അല്ലെ? അതേ. ഒരു ഡോക്ടറായി പഠിച്ചു പാസ്സായി ഇറങ്ങുമ്പോൾ നാം എടുക്കുന്ന പ്രതിജ്ഞ എന്താണ്? എല്ലാ രോഗികൾക്കും ഒരു വിവേചനവും കൂടാതെ നമ്മളാൽ കഴിയുന്ന വൈദ്യസഹായം കൊടുക്കും എന്ന് അല്ലെ? അത് തന്നെയല്ലേ നമ്മുടെ ഭരണഘടനയുടെയും അന്തസത്ത. ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ വർഗ്ഗമോ വർണമോ ഭാഷയോ വേഷമോ മതമോ നോക്കാതെ ഒരു മനുഷ്യനായി മാത്രം കാണണമെന്നും ഇന്ത്യൻ ഭരണഘടനക്ക് മുന്നിൽ ഏവരും തുല്യരാണെന്നും! അപ്പോൾ ഭരണഘടനാ അനുസരിച്ചേ പെരുമാറൂ എന്ന് പറഞ്ഞാൽ അത് ഒരു വിഭാഗത്തിന് ചികിത്സ നിഷേധമാകുന്നതെങ്ങനെ? മെഡിക്കൽ എത്തിക്സിന് എതിരാകുന്നതെങ്ങനെ?
ഇന്നീ നിമിഷം വരെ ചൊല്ലിയ പ്രതിജ്ഞ മറന്നു ജീവിച്ചിട്ടില്ല, ഇനിയൊട്ടുണ്ടാകുകയുമില്ല. 'ഡോക്ടർ' എന്ന പദത്തോടു നീതി പുലർത്താൻ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് മറ്റുള്ളവർ ചാർത്തിത്തരുന്ന ഇത്തരം വ്യാഖ്യാനങ്ങളോട് തികഞ്ഞ മൗനം മാത്രം. അതിനുള്ള ഉത്തരങ്ങൾ വ്യാഖ്യാനിച്ചവർ തന്നെ പറയുന്നതല്ലേ നല്ലത്!?
പിന്നെ കേട്ട പഴി, ഡോക്ടർമാർ രാഷ്ട്രീയം പറയരുത് എന്നതാണ്. ഡോക്ടർ ആയി എന്നത് നിലപാടുകൾ പറയാനുള്ള ഒരു തടസ്സമായി ഞങ്ങൾ കാണുന്നില്ല. ഡോക്ടർ ജോലിയിൽ 'രാഷ്ട്രീയം' വേണോയെന്നാണ് ചോദ്യമെങ്കിൽ, വേർതിരിവിന്റെ രാഷ്ട്രീയം വേണ്ട എന്നതാണ് ഉത്തരം. "രാഷ്ട്രീയം" എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്നത്. ഞങ്ങളുടെ രാഷ്ട്രീയം മാനവികതയിലൂന്നിയ ഇന്ത്യ എന്ന വികാരമാണ്, ആ ബോധമാണ്. അതിനെ ഹനിക്കുന്ന എന്തിനെതിരെയും സംസാരിക്കും. ഉറക്കെ തന്നെ!
ഏറ്റവും അവസാനമായി ഇതെല്ലാം വിലകുറഞ്ഞ പബ്ലിസിറ്റി പ്രകടനങ്ങൾ ആണെന്ന് പറയുന്നവരോട്, അവരോടും സ്നേഹം മാത്രം. കാരണം ഒരു കാര്യം കാണുമ്പോഴോ വായിക്കുമ്പോഴോ ഓരോരുത്തർക്കും തോന്നുന്നത് സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും. അങ്ങനെ കുറച്ചു പേർക്ക് തോന്നിയ അഭിപ്രായമാണിത്. അതിനോട് എന്തിന് കെറുവിക്കണം! വിമർശനങ്ങളെ വളരാനുള്ള വളമാക്കുകയാണ് വേണ്ടതെന്നു പണ്ടാരോ പറഞ്ഞു തന്നിട്ടുണ്ട്.
ഇത് ഞങ്ങൾ തിരഞ്ഞെടുത്ത രീതി. എതിരഭിപ്രായങ്ങളുണ്ടാകാം. മാനിക്കുന്നു. കാരണം അസഹിഷ്ണുത ഞങ്ങളുടെ പാതയല്ല; ഇന്ത്യയുടെ രീതിയല്ല!
ഡോ. സൗമ്യ സരിൻ