'ചടങ്ങുകളില്ല, ആറ് അഗതി മന്ദിരങ്ങളിലേക്ക് ഭക്ഷണം'; മകന്റെ വിവാഹം ലളിതമാക്കി ഡികെ മുരളി എംഎല്‍എ
കിളിമാനൂര്‍ ചന്ദ്രവിലാസത്തില്‍ പ്രകാശിന്റെയും അനിതയുടെയും മകള്‍ അനുപമ പ്രകാശാണ് വധു.
തിരുവനന്തപുരം: മകന്‍ ബാലമുരളിയുടെ വിവാഹം ആര്‍ഭാടരഹിതമായി നടത്താനൊരുങ്ങി ഡികെ മുരളി എംഎല്‍എ. ചടങ്ങുകളൊന്നുമില്ലാതെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് വിവാഹം നടത്തുന്നത്. ഇതിനൊപ്പം വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഡികെ മുരളി അറിയിച്ചു. നാളെയാണ് ബാലമുരളിയുടെയും കിളിമാനൂര്‍ സ്വദേശിനി അനുപമ പ്രകാശിന്റെയും വിവാഹം.
ആര്‍ഭാടങ്ങളില്ലാതെ നടത്തുന്ന വിവാഹത്തിന് ആശംസകളുമായി ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. മുരളിയുടെയും കുടുംബത്തിന്റെയും തീരുമാനം അഭിമാനവും മാതൃകാപരവുമാണെന്ന് എഎ റഹീം പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനമെന്ന് സികെ ഹരീന്ദ്രന്‍ പറഞ്ഞു.
ഡികെ മുരളിയുടെ കുറിപ്പ്: ബഹുമാന്യരേ, പ്രിയപ്പെട്ടവരേ, ഒരു അറിയിപ്പിനാണ് ഈ കുറിപ്പ്.
ഞങ്ങളുടെ മകന്‍ ബാലമുരളി വിവാഹിതനാകുന്നു. കിളിമാനൂര്‍, പോങ്ങനാട്, മുളയ്ക്കലത്തുകാവ്, ചന്ദ്രവിലാസത്തില്‍ ശ്രീ. പ്രകാശിന്റെയും ശ്രീമതി. അനിതയുടെയും മകള്‍ അനുപമ പ്രകാശാണ് വധു. 2023 ഏപ്രില്‍ 12ന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തുന്നു. വിവാഹാനുബന്ധമായി ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങള്‍ മാത്രം ഒത്തുചേരുന്ന ഒരു ചെറിയ സദസ്സിന്റെ സാന്നിധ്യത്തില്‍ സബ് രജിസ്ട്രാറുടെ മുമ്പാകെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നു. വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് വിവാഹ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഇ.കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിനും സഹായധനം നല്‍കി.
ഞങ്ങളുമായി ഹൃദയഐക്യമുള്ളവര്‍, സഖാക്കള്‍, വിവിധ പ്രസ്ഥാനങ്ങളിലെ പരിചിതരായ ബഹുമാന്യ നേതാക്കള്‍, സ്‌നേഹിതര്‍, അഭ്യുദയകാംക്ഷികള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, എന്നീ ശ്രേണിയില്‍ ഒട്ടേറെപ്പേരെ നേരില്‍ കണ്ട് പറയേണ്ടതുണ്ടെങ്കിലും വിവാഹത്തിന് മുമ്പോ ശേഷമോ ചടങ്ങുകളും സല്‍ക്കാരങ്ങളും സംഘടിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് അതിനു ശ്രമിച്ചിട്ടില്ല. ബന്ധപ്പെട്ട എല്ലാവരും ക്ഷമിക്കണമെന്നപേക്ഷിക്കുന്നു. എല്ലാവരുടെയും ആശീര്‍വാദവും, പിന്തുണയും ഇക്കാര്യത്തില്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. സ്‌നേഹപൂര്‍വ്വം ഡി.കെ. മുരളി&ആര്‍.മായ