Asianet News MalayalamAsianet News Malayalam

അക്കൗണ്ടിൽ നിന്ന് പണം പോയി, ബാങ്ക് കൈമലര്‍ത്തിയോ? ഉസ്മാന്റെ പരാതിയിൽ നിര്‍ണായക ഉത്തരവ്, നഷ്ടപരിഹാരമടക്കം നൽകണം

ഉസ്മാന്റെ അക്കൗണ്ടിൽ നഷ്ടം 407053 രൂപ, ബാങ്ക് കൊടുക്കേണ്ടത് 467,053 പണ സുരക്ഷ ബാങ്കിന്റെ ബാധ്യതയെന്ന് ഉത്തരവ്

 

District Consumer Commission verdict against Bank to pay Rs 407053 lost from account and Rs 50000 as compensation
Author
First Published May 2, 2024, 6:02 PM IST

തിരുവനന്തപുരം: അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 407053 രൂപയും നഷ്ടപരിഹാരമായി 50000 രൂപയും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ ബാങ്കിന് ബാധ്യതയുണ്ടെന്നും പണം നഷ്ടമായയുടന്‍ വിവരമറിയിച്ചിട്ടും തിരിച്ചുനല്‍കാന്‍ നടപടിയെടുത്തില്ലെന്നും കണ്ടെത്തിയാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ വിധിച്ചത്. 

റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പണം നഷ്ടപ്പെട്ടതില്‍ പരാതിക്കാരന് പങ്കുള്ളതായി തെളിയിക്കേണ്ട ബാധ്യത ബാങ്കിനാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. വെട്ടിക്കാട്ടിരിയിലെ എലംകുളവന്‍ ഉസ്മാന്റെ പരാതിയിലാണ് വിധി.  കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒടിപി ആവശ്യപ്പെട്ടുകൊണ്ട് ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാള്‍ പരാതിക്കാരനെ വിളിച്ചു. അതുപ്രകാരം ഒടിപിയും നല്‍കി. 

എന്നാല്‍ പിറ്റേന്ന് ബാങ്കിലെത്തിയപ്പോഴാണ് വിളിച്ചത് ബാങ്കില്‍ നിന്നല്ലെന്ന കാര്യമറിയുന്നത്. അക്കൗണ്ടില്‍ നിന്ന് 407053 രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തി. എന്നാല്‍ തുക തിരിച്ചുപിടിക്കാന്‍ ബാങ്ക് അധികൃതര്‍ നടപടിയെടുത്തില്ലെന്ന് കാണിച്ചാണ് പരാതിക്കാരന്‍ ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്‍ ഒടിപി പറഞ്ഞുകൊടുത്തതിനാലാണ് പണം നഷ്ടപ്പെട്ടതെന്നും പണം നഷ്ടപ്പെട്ടതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നുമായിരുന്നു ബാങ്ക് അധികൃതരുടെ വാദം. 

എന്നാല്‍ ഈ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല.  റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പണം നഷ്ടപ്പെട്ടതില്‍ പരാതിക്കാരന് പങ്കുള്ളതായി തെളിയിക്കേണ്ട ബാധ്യത ബാങ്കിനാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. നഷ്ടപ്പെട്ട തുകയ്ക്കു പുറമെ 50000 രൂപ നഷ്ടപരിഹാരമായും 10000 രൂപ കോടതിച്ചെലവായും ഒരുമാസത്തിനകം നല്‍കണമെന്നും കാലതാമസം വരുത്തിയാല്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവിട്ടു.

സ്വർണ്ണാഭരണങ്ങളോ ഡയമണ്ട് ആഭരണങ്ങളോ; നിക്ഷേപത്തിനായി ഏതാണ് ബെസ്റ്റ്, കാരണങ്ങള്‍ ഇതാ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios