Asianet News MalayalamAsianet News Malayalam

സിദ്ധാര്‍ത്ഥന്‍റെ മരണം; ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി, മുഖ്യപ്രതിയുമായി ഹോസ്റ്റലിൽ തെളിവെടുപ്പ്

ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് 

Death of Siddharthan; The weapons used in the attack were recovered and evidence was collected in the hostel with the main accused
Author
First Published Mar 3, 2024, 5:22 PM IST | Last Updated Mar 3, 2024, 5:24 PM IST

കല്‍പ്പറ്റ:പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ പൊലീസ് തെളിവെടുപ്പ്. കേസിലെ മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായാണ് പൊലീസ് സിദ്ധാര്‍ത്ഥനെ ആക്രമിച്ച പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലെത്തി തെളിവെടുപ്പ് ആരംഭിച്ചത്. തെളിവെടുപ്പില്‍ സിദ്ധാര്‍ത്ഥനെ ആക്രമിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടക്കുന്നത്. ഈ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്‍റെ നടുത്തളത്തിലും വെച്ചാണ് സിദ്ധാര്‍ത്ഥൻ തുടര്‍ച്ചയായ ക്രൂര മര്‍ദനത്തിനിരയായത്. തെളിവെടുപ്പിനിടെയാണ് ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ മുഖ്യപ്രതി കാണിച്ചുകൊടുത്തത്.

ഇതിനിടെ, സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഹോസ്റ്റലിൽ 'അലിഖിത നിയമം' എന്ന് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ സിദ്ധാർത്ഥൻ തിരികെ കോളേജിലേക്ക് മടങ്ങുകയായിരുന്നു. രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർഥനെ  വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാര്‍ത്ഥിയാണ്. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നത്. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടിൽ അന്വേഷണ സംഘം പറയുന്നു.

പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ വിശദീകരിച്ചാണ് റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് മുൻപ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികൾ സിദ്ധാര്‍ത്ഥനെ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.3

സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഫെബ്രുവരി 15 ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ത്ഥനെ, കോളേജിലേക്ക് തിരികെ വന്നില്ലെങ്കിൽ പൊലീസ് കേസാവുമെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ഇത് പ്രകാരം ഫെബ്രുവരി 16 ന് രാവിലെ സിദ്ധാര്‍ത്ഥൻ തിരികെ കോളേജിലെത്തി. എന്നാൽ ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടും പോകാൻ അനുവദിക്കാതെ പ്രതികൾ സിദ്ധാര്‍ത്ഥനെ തടവിൽ വെച്ചു. അന്ന് രാത്രി 9 മണി മുതലാണ് മര്‍ദ്ദനം ആരംഭിച്ചത്.

ക്യാംപസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഹോസ്റ്റലിൽ തിരികെയെത്തിച്ചു. 21ാം നമ്പര്‍ മുറിയിൽ വച്ച് മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചു. വിവസ്ത്രനാക്കിയ ശേഷം അടിവസ്ത്രം മാത്രം ധപിപ്പിച്ച് പ്രതികൾ ബെൽറ്റ്, കേബിൾ വയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചു. 17 ന് പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദ്ദനം തുടര്‍ന്നു. മരണമല്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിമാന്റ് റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചിരിക്കുന്നത്.

'പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും, രാഷ്ട്രീയം നോക്കില്ല'; സിദ്ധാർത്ഥിന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി
 

 

Latest Videos
Follow Us:
Download App:
  • android
  • ios