Mullaperiyar: മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ് ലോക്സഭയിൽ, എതിർപ്പുമായി തമിഴ്നാട് എംപിമാർ

മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തമിഴ് നാട് അടച്ചു. 141.90 അടിയാണ് നിലവിലെ ജലനിരപ്പ്.

dean kuriakose demands to decommissioning of mullaperiyar

ദില്ലി: ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ട് (Mullaperiyar Dam) ഉടൻ ഡീകമ്മീഷൻ ചെയ്യാൻ തീരുമാനം ഉണ്ടാകണമെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്  ലോക്സഭയിൽ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാർ കള്ളക്കളി നടത്തുകയാണ്.  അതുകൊണ്ടാണ് ബേബി അണക്കെട്ട് ബലപ്പെടുത്താൻ അനുമതി നൽകിയത്. 

അണക്കെട്ട് സുരക്ഷിതമല്ലെന്ന് ദേശീയ-അന്താരാഷ്ട്ര ഏജൻസികളും ഐ.ഐ.ടിയിലെ വിദഗ്ധരും കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് പേരുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും അടിയന്തിര ഇടപെടൽ വേണമെന്നും ശൂന്യവേളയിൽ ഡീൻ കൂര്യക്കോസ് ആവശ്യപ്പെട്ടു. അതിനെ എതിർത്ത്  തമിഴ് നാട്ടിൽ നിന്നുള്ള അംഗങ്ങൾ എഴുന്നേറ്റത് ലോക്സഭയിൽ അല്പനേരം ബഹളത്തിന് കാരണമായി.

മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തമിഴ് നാട് അടച്ചു. 141.90 അടിയാണ് നിലവിലെ ജലനിരപ്പ്. രാവിലെ നാലു മണി മുതലാണ് ഷട്ടറുകൾ അടച്ചു തുടങ്ങിയത്. ഏഴു മണിയോടെ തുറന്നിരുന്ന ആറു ഷട്ടറുകളിൽ അഞ്ചെണ്ണവും അടച്ചു. പതിനൊന്നു മണിക്കാണ് അവസാനത്തെ ഷട്ടർ അടച്ചത്. എട്ടു മണി മുതൽ തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് സെക്കൻറിൽ 900 ഘനയടിയായി കുറക്കുകയും ചെയ്തു. 

മഴ കുറഞ്ഞതോടെ പരമാവധി ജലം സംഭരിക്കാനുള്ള നീക്കത്തിൻറെ ഭാഗമായാണ് ഷട്ടറുകൾ അടക്കുകയും കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറക്കുകയും ചെയ്തത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും നേരിയ തോതിൽ കുറഞ്ഞു തുടങ്ങി. 2400.50 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മഴ കുറഞ്ഞതിനാൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പും 70 അടിക്കു മുകളിലെത്തി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.

Latest Videos
Follow Us:
Download App:
  • android
  • ios