തങ്ങളെ വിമർശിക്കാൻ പാടില്ലെന്നത് അഗീകരിക്കില്ലെന്ന് ഗോവിന്ദൻ; തങ്ങൾ വിമർശനാതീതനല്ലെന്ന് കെ സുരേന്ദ്രൻ
തങ്ങളെ വിമര്‍ശിക്കരുതെന്ന് എഴുതി വച്ചിട്ടുണ്ടോയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ ചോദിച്ചത്. പാണക്കാട് തങ്ങൾ വിമർശനാതീതനാണെന്ന് പറയാനാവില്ല.
തിരുവനന്തപുരം: പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ ശരിവച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തങ്ങളെ വിമർശിക്കാൻ പാടില്ലെന്നത് അഗീകരിക്കില്ലെന്നും ലീഗ് ശ്രമം മതവികാരം ആളിക്കത്തിക്കാനാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇന്നലെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മുഖ്യമന്ത്രി സാദിഖലി തങ്ങളെ വിമർശിച്ചത്.
തങ്ങളെ വിമര്‍ശിക്കരുതെന്ന് എഴുതി വച്ചിട്ടുണ്ടോയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ ചോദിച്ചത്. പാണക്കാട് തങ്ങൾ വിമർശനാതീതനാണെന്ന് പറയാനാവില്ല. ഗാന്ധിജിയേയും യേശു ക്രിസ്തുവിനേയും ശ്രീരാമനേയും മോദിയേയുമെല്ലാം വിമർശിക്കുന്നില്ലേ. പാണക്കാട് തങ്ങളെ മാത്രം വിമർശിക്കാൻ പാടില്ലെന്ന് എഴുതിവെച്ചിട്ടുണ്ടോ. അങ്ങനെയൊന്നും പറ്റില്ല. ജനാധിപത്യത്തിൽ എല്ലാവരും വിമർശനത്തിന് വിധേയരാവേണ്ടവരാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെയും സുരേന്ദ്രൻ്റേതും ഒരേ ശബ്ദമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നാണ് ലീഗ് നേതാവ് കെഎം ഷാജിയുടെ മുന്നറിയിപ്പ്.
പിണറായി വിജയൻ പ്രസംഗിച്ചതിങ്ങനെ
''ബാബറി മസ്ജിദ് തകർക്കുന്നതിനെ എല്ലാത്തരത്തിലും ഒത്താശ ചെയ്ത കോൺഗ്രസിന്റെ കൂടെ അന്ന് കേരളത്തിൽ മന്ത്രിമാരായി ലീഗ് തുടർന്നു. ഇതിൽ വ്യാപകമായ അമർഷം ലീഗ് അണികളിൽ തന്നെ. അപ്പോഴാണ് ഒറ്റപ്പാലം തെരഞ്ഞടുപ്പ് വരുന്നത്. ഒറ്റപ്പാലം തെരഞ്ഞെടുപ്പിൽ കണ്ട ഒരു കാഴ്ച, അന്നത്തെ പാണക്കാട് തങ്ങൾ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തങ്ങളാണ്. ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ല. സാദിഖലി തങ്ങൾ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ സാധാരണ ഗതിയിലുളള ഒരു അനുയായിയുടെ മട്ടിൽ പെരുമാറുന്നയാളാണ്. പക്ഷേ അന്നത്തെ തങ്ങൾ സർവരാലും ആദരിക്കപ്പെട്ട തങ്ങളായിരുന്നു. അദ്ദേഹം ലീഗ് അണികളെ തണുപ്പിക്കാൻ വേണ്ടി വന്നു. ഒരു വീട്ടിൽ വരുമെന്ന് നേരത്തെ അറിയിച്ചു. സാധാരണ തങ്ങൾ വന്നാൽ ഓടിക്കൂടുന്ന ലീഗുകാരെ കാണാനില്ല. അപ്പോൾ തങ്ങളെ ആ വീട്ടിൽ ഇരുത്തിക്കൊണ്ട് ചുറ്റുപാടുമുള്ള ലീഗ് പ്രവർത്തകരെയും ലീഗ് അണികളെയും ആ വീട്ടിലേക്ക് എത്തിക്കാൻ പോയി ചെന്ന് പറയുകയാണ്, തങ്ങൾ വന്നിരിക്കുന്നുണ്ട്. നിങ്ങൾ വേഗം അങ്ങോട്ട് വരണം. ഈ പറഞ്ഞ ആളുകളിൽ പ്രതിഷേധം ഉയർന്നുവരാനിടയായത് എന്തിന്റെ ഭാഗമായിട്ടായിരുന്നു? ഈ പറയുന്ന ശരിയായ നിലപാട് സ്വീകരിക്കാൻ കഴിയാത്തത് കൊണ്ട്.''
https://www.youtube.com/watch?v=Ko18SgceYX8