മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനവിരോധമുണ്ടാക്കി, ഭരണവിരുദ്ധ വികാരം മനസ്സിലാക്കാനായില്ല; പത്തനംതിട്ടയിലും വിമർശനം

നേതാക്കളുടെ മക്കൾ കച്ചവടം നടത്തി പണം ഉണ്ടാക്കുന്നു എന്ന പ്രചാരണം അപമതിപ്പുണ്ടാക്കി. പെൻഷൻ കുടിശ്ശിക ഒരു വിഭാഗത്തെ എതിരാക്കിയെന്നും വിമർശനമുണ്ട്. 

CPM Pathanamthitta District Secretariat also criticized Chief Minister Pinarayi Vijayan

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം.  മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനവിരോധത്തിന് കാരണമായെന്നും ഭരണവിരുദ്ധ വികാരം മനസ്സിലാക്കാനായില്ലെന്നുമാണ് വിമർശനം ഉയർന്നത്. നേതാക്കളുടെ മക്കൾ കച്ചവടം നടത്തി പണം ഉണ്ടാക്കുന്നു എന്ന പ്രചാരണം അപമതിപ്പുണ്ടാക്കി. പെൻഷൻ കുടിശ്ശിക ഒരു വിഭാഗത്തെ എതിരാക്കിയെന്നും വിമർശനമുയർന്നു.

നവകേരള സദസിനായുള്ള ഉള്ള പണപ്പിരിവിൽ വ്യക്തതയില്ലാത്തത് ക്ഷീണമായി മാറിയെന്നും വകുപ്പ് കൈകാര്യം ചെയ്യുന്നതിലും ജനങ്ങളോട് ഇടപെടുന്നതിലും മന്ത്രിമാർ തികഞ്ഞ പരാജയമാണെന്നും വിമർശനം ഉയർന്നു. മന്ത്രി വിഎൻ വാസവൻ, കേന്ദ്ര കമ്മിറ്റി അംഗം ടിഎം തോമസ് ഐസക്ക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലത്തെ നേതൃയോഗം. ഈ യോ​ഗത്തിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയുള്ള വിമർശനമുണ്ടായത്. 

നേരത്തെ സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനമുയർന്നിരുന്നു. വിദേശ യാത്രാ വിവാദം മുതൽ മൈക്ക് വിവാദമടക്കം വിമര്‍ശന വിധേയമായി. വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയർക്കുന്ന തരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി എന്നുവരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊതു സമൂഹത്തിലെ ഇടപെടൽ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും സമിതിയിൽ നിര്‍ദേശങ്ങൾ വന്നിരുന്നു. 

എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇടത് മുന്നണി കൺവീനർ പാർട്ടി വളയത്തിന് പുറത്താണെന്നും, വിവാദ വ്യക്തിത്വങ്ങളുമായി അവിശുദ്ധ കൂട്ടുകെട്ട് പാർട്ടി രീതിക്കും പദവിക്കും നിരക്കാത്തതാണെന്നുമാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനം. വിവാദ റിസോർട്ട് ഇടപാടിലും ജയരാജനെതിരെ വിമർശനമുയർന്നു. 

ജയരാജന്‍റെ പേരിലുയർന്ന ബിജെപി ബന്ധ വിവാദം അടക്കം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. നൽകിയ പരാതിക്ക് പോലും മറുപടി കിട്ടിയില്ലെന്നും ആക്ഷേപമുണ്ടായി. വിവിധ വകുപ്പുകളിലുള്ള മന്ത്രിമാരുടെ പ്രകടനം പോരെന്നും യോഗത്തിൽ പരാതിയുയർന്നു. മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനം മെച്ചമല്ല, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾ ജനങ്ങളുമായി ബന്ധം വയ്ക്കുന്നില്ല. വകുപ്പുകൾ ഭരിക്കുന്നത് പേഴ്സണൽ സ്റ്റാഫുകളാണ്. ആഭ്യന്തര വകുപ്പിൽ പൊലീസിനെ നിയന്ത്രിക്കുന്നത് മറ്റാരോ ആണെന്നുമായിരുന്നു സമിതിയിലെ വിമർശനം. 

ഒരാനയുടെ രജിസ്ട്രേഷന്‍റെ മറവിൽ ഒന്നിലധികം ആനകളെ നിരത്തി സഫാരി തകൃതി; നടപടിയെടുക്കാതെ ഇടുക്കി ജില്ലാ ഭരണകൂടം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios