Asianet News MalayalamAsianet News Malayalam

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവ സിപിഎം നേതാവ് 22 ലക്ഷം കോഴ വാങ്ങി: പാര്‍ട്ടിക്ക് പരാതി

പരാതിയിൽ പാർട്ടി അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ്

CPIM leader accused for accepting bribe of 22 lakhs offering PSC member post
Author
First Published Jul 7, 2024, 7:13 AM IST | Last Updated Jul 7, 2024, 7:26 AM IST

തിരുവനന്തപുരം: സിപിഎം യുവനേതാവിനെതിരെ കോഴ ആരോപണം. പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കോഴിക്കോട് സ്വദേശിയും ആരോഗ്യ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ഒരാളിൽ നിന്നാണ് പണം കൈപ്പറ്റിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന ഉറപ്പിൽ 60 ലക്ഷം രൂപയ്ക്കാണ് പദവി ഉറപ്പിച്ചത്. ആദ്യ ഗഡുവായി 22 ലക്ഷം രൂപ യുവനേതാവിന് നൽകിയെന്ന് പാര്‍ട്ടിക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ സിപിഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ ഈ വ്യക്തിയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. എന്നാൽ അതും നടന്നില്ല. ഇതോടെയാണ് പാര്‍ട്ടിക്ക് പരാതി പോയത്. 

ഡീല്‍ ഉറപ്പിക്കുന്ന ശബ്ദ സന്ദേശവും പരാതിക്ക് ഒപ്പം കൈമാറിയതായാണ് സൂചന. പരാതിയിൽ സിപിഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തി. ഇടപാട് നടന്നിട്ടുണ്ട് എന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടു. എന്നാൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. വിവരം പാര്‍ട്ടി സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. 

സിപിഎം ഏരിയാ തലത്തിൽ പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇദ്ദേഹത്തിന് മറ്റ് നേതാക്കളുടെ പിന്തുണയുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പരാതിയിൽ വിശദമായി അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ തീരുമാനം. അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് മന്ത്രി പി.എ മുഹമ്മദ് റിയാസും ഉള്ളത്. പണം നല്‍കിയ വ്യക്തിക്ക് സി.പി.എമ്മുമായി അടുപ്പമുണ്ട്. പരാതി പൊലീസിന് നൽകിയിട്ടില്ല. സംഭവം പൊലീസിലേക്ക് പോകാതെ പരിഹരിക്കാനാണ് പാര്‍ട്ടി നേതൃത്വവും ശ്രമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Latest Videos
Follow Us:
Download App:
  • android
  • ios