ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ച: ഗുരുതരമെന്ന് സുനിൽകുമാർ, ഇടത് ചെലവിൽ വേണ്ടെന്ന് സിപിഐ; ബന്ധമില്ലെന്ന് സിപിഎം
എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് പൂരം കലക്കിയതുമായി ബന്ധമുണ്ടെങ്കിൽ തൃശ്ശൂർ പൂരം കലക്കിയ ഒരു കക്ഷി ആർഎസ്എസാണ് എന്ന് ഉറപ്പിക്കാമെന്ന് വിഎസ് സുനിൽകുമാർ
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറും ആർഎസ്എസിൻ്റെ ദേശീയ നേതാവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ശക്തമായ വിയോജിപ്പുമായി സിപിഐ. കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്ന് തൃശ്ശൂരിലെ സിപിഐ സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറും, കൂടിക്കാഴ്ച ഇടത് ചെലവിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു. അതേസമയം അങ്ങനെ കൂടിക്കാഴ്ച നടന്നാൽ സിപിഎമ്മിന് എന്ത് ഉത്തരവാദിത്തമെന്ന ചോദ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചോദിച്ചു.
ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണ്. എൽഡിഎഫ് ചെലവിൽ ഒരു ഉദ്യോഗസ്ഥാനും അങ്ങിനെ ചർച്ച നടത്തേണ്ട. വിഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവെക്കാനാണ് എഡിജിപി പോയത്? കൂടിക്കാഴ്ചയുടെ വിവരം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണം. ആർഎസ്എസിനും എൽഡിഎഫിനുമിടയിൽ ഒരു ആശയ ചർച്ചയുമില്ല. എഡിജിപിയും ആഎസ്എസ് നേതാവും ഇടത് ചെലവിൽ ചർച്ച നടത്തേണ്ട. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എഡിജിപി-ആർഎസ്എസ് നേതാവിനെ കണ്ടെന്നത് നിലവിൽ വാർത്തയാണ്. വസ്തുത എന്തെന്ന് പുറത്തുവന്നിട്ടില്ല. അത്തരത്തിൽ കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗുരുതരമായ കാര്യമാണ്. ആ കൂടിക്കാഴ്ചക്ക് തൃശ്ശൂർ പൂരം കലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാധ്യമങ്ങളാണ്. അങ്ങനെയെങ്കിൽ തൃശ്ശൂർ പൂരം കലക്കിയ ഒരു കക്ഷി ആർഎസ്എസാണ് എന്ന് ഉറപ്പിക്കാം. വാർത്തയുടെ പശ്ചാത്തലത്തിൽ ഇത് ഗൗരവകരമായ കാര്യമാണ്. അന്വേഷണം വേണം. കൂടുതൽ അറിഞ്ഞതിനു ശേഷമേ മറുപടി പറയാൻ സാധിക്കൂ. സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്നും സുനിൽകുമാർ വ്യക്തമാക്കി.
കണ്ണൂരിൽ മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പക്ഷെ വിഷയത്തിൽ സിപിഎമ്മിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന നിലപാടാണ് ഉയർത്തിയത്. എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഇപ്പോൾ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാൽ നമുക്ക് എന്ത് ഉത്തരവാദിത്തം എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. വിഷയത്തിൽ കൂടുതൽ വിശദീകരിക്കാനും അദ്ദേഹം തയ്യാറായില്ല.