തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം പാരമ്യത്തിലെന്ന് വിലയിരുത്തൽ; വ്യാപനം ഉടനെ കുറയാൻ തുടങ്ങുമെന്ന് പ്രതീക്ഷ

വ്യാപന സ്വഭാവം പരിഗണിച്ച് ആഴ്ച്ചകൾക്കുള്ളിൽ കൊവിഡ് വ്യാപനം താഴേക്ക് വന്നുതുടങ്ങുമെന്നാണ് വിദഗ്ദരും പങ്കുവെക്കുന്ന പ്രതീക്ഷ. സംസ്ഥാനത്ത് ഏറെ ആശങ്കയുണ്ടാക്കിയ പൂന്തുറയിലും പുല്ലുവിളയിലും അടക്കം തീരദേശ ക്ലസ്റ്ററുകളിൽ കേസുകൾ നന്നേകുറഞ്ഞു നിയന്ത്രണത്തിലായി. 

covid spread thiruvananthapuram upadates medical officer

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. ജില്ലയിൽ ആഴ്ചകൾക്കുള്ളിൽ വ്യാപനം താഴ്ന്ന് തുടങ്ങുമെന്നാണ് വിദഗ്ദരുടെയും വിലയിരുത്തൽ. അതേസമയം സാമൂഹികവ്യാപനത്തിലെത്തിയ തീരദേശ ക്ലസ്റ്ററുകളിൽ കേസുകൾ നിയന്ത്രണത്തിലായത് ആശ്വാസമായി.

മാസങ്ങളോളം കൊവിഡ് വ്യാപനത്തിൽ ഒന്നാമത് നിന്ന തിരുവനന്തപുരം മറ്റ് ജില്ലകളിൽ കേസുകൾ കൂടിയതോടെ പിന്നിലായി. എങ്കിലും സ്ഥിരമായി 800നും ആയിരത്തിനുമിടയിൽ കേസുകളെന്നതാണ് സ്ഥിതി. ജില്ലയുടെ ഏറെക്കുറെ എല്ലാ മേഖലകളിലും വ്യാപനം. പാരമ്യത്തിലെത്തിയെന്നാണ് വിലയിരുത്തലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു പറഞ്ഞു.

വ്യാപന സ്വഭാവം പരിഗണിച്ച് ആഴ്ച്ചകൾക്കുള്ളിൽ കൊവിഡ് വ്യാപനം താഴേക്ക് വന്നുതുടങ്ങുമെന്നാണ് വിദഗ്ദരും പങ്കുവെക്കുന്ന പ്രതീക്ഷ. സംസ്ഥാനത്ത് ഏറെ ആശങ്കയുണ്ടാക്കിയ പൂന്തുറയിലും പുല്ലുവിളയിലും അടക്കം തീരദേശ ക്ലസ്റ്ററുകളിൽ കേസുകൾ നന്നേകുറഞ്ഞു നിയന്ത്രണത്തിലായി. പുല്ലുവിള ഉൾപ്പെടുന്ന കരുംകുളം പഞ്ചായത്തിൽ മുൻപ് പരിശോധിക്കുന്ന പകുതി പേർ വരെ പോസിറ്റീവായിരുന്നെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. രോഗികളേയില്ലാത്ത ദിവസങ്ങളും രോഗികൾ നന്നേകുറഞ്ഞ ദിവസങ്ങളുമാണ് അധികവും.

0.68 ശതമാനം മരണമുണ്ടായ ജില്ലയിലെ ഏറിയ പങ്ക് മരണങ്ങളും പുല്ലുവിള, പാറശാല ഉൾപ്പെടുന്ന ക്ലസ്റ്ററുകളിൽ നിന്നായിരുന്നു. 27 മെഡിക്കൽ സംഘങ്ങൾ 33,000ത്തിലധികം പരിശോധനകൾ നടത്തിയതിൽ ഏറെയും തീരദേശ ക്ലസ്റ്ററുകളിലായിരുന്നു. 3 സോണുകളാക്കി തിരിച്ച് ഏറ്റവും ദൈർഘ്യമേറിയ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയതും കഠിനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ആദ്യദിനങ്ങളിൽ കമാൻഡോ സംഘമിറങ്ങിയതും ജനങ്ങൾ തെരുവിലിറങ്ങിയതും എല്ലാം ഇവിടങ്ങളിൽ തന്നെയാണ്. കൊവിഡ് കുതിപ്പിന്റെ പാരമ്യത്തിലെത്തി നിൽക്കുന്ന സംസ്ഥാനത്തിന് തീരദേശം നൽകുന്നത് വലിയ മുന്നറിയിപ്പും അനുഭവ പാഠവുമാണ്. പൂന്തുറയിലെയോ പുല്ലുവിളയിലെയോ സാഹചര്യമല്ല സംസ്ഥാനത്തിന്റെ മറ്റിടങ്ങളിൽ എന്നതിനാൽ സമാന അനുഭവമുണ്ടായാൽ ഈ മേഖലയനുഭവിച്ച നിയന്ത്രണങ്ങൾ മറ്റിടങ്ങൾക്ക് താങ്ങാനുമാകില്ല.

Latest Videos
Follow Us:
Download App:
  • android
  • ios