Covid Kerala : കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ
ഇടുക്കി ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരു സമയം പരമാവധി 50 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
തിരുവനന്തപുരം: കൊവിഡ് വ്യാപനം (Covid) രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും (Idukki) വയനാട്ടിലും (Wayanad) കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരു സമയം പരമാവധി 50 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും അൻപതു പേരെ മാത്രമേ അനുവദിക്കൂ. പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്സീൻ എടുത്തിരിക്കണം. സർക്കാർ, അർധ സർക്കാർ, പൊതുമേഖല യോഗങ്ങളും പരിപാടികളും ഓൺലൈൻ ആക്കാനും നിർദ്ദേശം. ജിമ്മുകൾ, സ്വിമ്മിങ്ങ് പൂളുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു. ജില്ലയിൽ 969 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 36.58 ആണ് ഇടുക്കിയിലെ ടിപിആർ.
രോഗികളുടെ എണ്ണം ഉയരുന്നതിനാൽ വയനാട് ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലുള്ള ആകെ കിടക്കകളുടെ 30 ശതമാനം കൊവിഡ് കേസുകള്‍ക്കായി മാറ്റി വെക്കണം എന്ന് നിർദ്ദേശമുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളായ എടക്കല്‍, കുറുവ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാക്കി നിജപ്പെടുത്തുന്നതിന് ഡി.ടി.പി.സി നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതത് കേന്ദ്രങ്ങളിലെ ഡെസ്റ്റിനേഷന്‍ മാനേജര്‍മാര്‍ ഉറപ്പുവരുത്തണം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ കേന്ദ്രങ്ങളായ കാരാപ്പുഴ, ബാണാസുര ഡാമുകളില്‍ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തും.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളിലെ ജിം, നീന്തല്‍കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ഫെബ്രുവരി 15 വരെ നിര്‍ത്തി വെക്കണം. ഇത്തരം ഇടങ്ങളില്‍ ഒരു കാരണവശാലും അതിഥികളെ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.