കൊവിഡ്: കേരളത്തിലും സൗദിയിലുമായി ഇന്ന് നാല് മലയാളികൾ മരിച്ചു; ഓഗസ്റ്റ് അതിനിർണായകമെന്ന് വിലയിരുത്തൽ
എട്ടു ദിവസത്തിനിടെ സംസ്ഥാനത്ത് 33 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിവിധ കാരണങ്ങളാൽ പട്ടികയിൽ നിന്നൊഴിവാക്കിയ 26 മരണങ്ങൾ വേറെയുമുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കെ മൂന്നു പേർ കൂടി മരിച്ചു. രോഗം ബാധിച്ച് ഒരു മലയാളി സൗദിയിലും മരിച്ചു. എട്ടു ദിവസത്തിനിടെ സംസ്ഥാനത്ത് 33 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിവിധ കാരണങ്ങളാൽ പട്ടികയിൽ നിന്നൊഴിവാക്കിയ 26 മരണങ്ങൾ വേറെയുമുണ്ട്.
കോഴിക്കോട് ഫറോക്ക് പെരുമുഖം കോട്ടയിൽ രാധാകൃഷ്ണൻ (80) ആണ് ഇന്ന് മരിച്ച ഒരാൾ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാധാകൃഷ്ണൻ. മലപ്പുറം ഒളവട്ടൂർ സ്വദേശി ഖാദർ കുട്ടിയും (71) ഇന്ന് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ഒൻപത് പേർ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലാണ്.
എറണാകുളത്ത് കൊവിഡ് രോഗം സംശയിച്ച് സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്ന അയ്യമ്പുഴ കൊല്ലകോട് മുണ്ടോപുരം മേരിക്കുട്ടി പാപ്പച്ചനും (77) ഇന്ന് മരിച്ചു. കൊവിഡ് മൂലമുള്ള മരണമെന്ന് തന്നെയാണ് പ്രാഥമികനിഗമനം. സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു. കടുത്ത പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്ന മേരിക്കുട്ടിയെ ന്യൂമോണിയ ബാധിച്ച നിലയിൽ ഇന്നലെ വൈകിട്ടാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലെത്തിച്ചത്.
നിലമ്പൂർ സ്വദേശി നറുകര കേശവൻ (74) ആണ് കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചത്. മന്ത്രിമാരായിരുന്ന ആര്യാടൻ മുഹമ്മദ്, എം എം ഹസൻ എന്നിവരുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കേശവൻ.
അതേസമയം, കൊവിഡ് വ്യാപനം സംബന്ധിച്ച് ഓഗസ്റ്റ് മാസം നിർണായകമാവുമെന്നാണ് മുന്നറിയിപ്പുകൾ. ഓഗസ്തിലേക്ക് കടന്നപ്പോൾ പ്രതിദിന കേസ് ആയിരത്തിന് താഴെ നിന്നത് ഒരുദിവസം മാത്രമാണ്. 8 ദിവസത്തിനിടെ 9507 പുതിയ കോവിഡ് രോഗികൾ ഉണ്ടായി. അതിൽ 2333ഉം തിരുവനന്തപുരം ജില്ലയിലാണ്. സമ്പർക്കത്തിലൂടെ മാത്രം വ്യാപനമെന്ന സ്ഥിതി വന്നു. ലോക്ക് ഡൗണിലും തിരുവനന്തപുരം ജില്ലയിൽ വ്യാപനം കുറയുന്നില്ലെന്ന് മാത്രമല്ല, ക്ലസ്റ്ററുകളിൽ രോഗികളുടെ എണ്ണം വർധിക്കുകയുമാണ്. അഞ്ചുതെങ്ങിൽ 3 ദിവസത്തിനിടെ 302 പേർക്ക് രോഗം ബാധിച്ചു.
ലോക്ക് ഡൗൺ ഒരു മാസം പിന്നിട്ടിട്ടും സ്ഥിതിയിൽ മാറ്റമില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു. രോഗം കൂടന്നുതിനൊപ്പം മരണസംഖ്യയിലും വർധനയണ് ഉണ്ടാവുന്നത്. അതിനിടെ, വിവിധ കാരണങ്ങളാൽ 26 മരണങ്ങളെ സംസ്ഥാന സർക്കാർ പട്ടികയിൽ നിന്ന് ഒവിവാക്കിയതിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ ഭിന്നാഭിപ്രായം ശക്തമാണ്. സംസ്ഥാനത്താകെ ഇതുവരെ 106 കൊവിഡ് മരണം എന്നാണ് ഔദ്യോഗിക കണക്ക്. പട്ടികയിൽ നിന്ന് ഒഴിവാക്കിയ ആകെ മരണങ്ങളുടെ എണ്ണം 40 ആണ്.